തോക്കുമായി സ്കൂളിലെത്തിയതിന് പിന്നിൽ നടൻ വിജയിയോടുള്ള ആരാധന; മൊഴി നൽകി ഒമ്പതാം ക്ലാസുകാരൻ
കൂറ്റനാട്: കഴിഞ്ഞദിവസം പാലക്കാട് ജില്ലയിലെ പരുതൂര്‍ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസുകാരൻ തോക്കിൽനിന്ന് വെടിയുതിർത്ത സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ നടൻ വിജയിയുടെ കടുത്ത ആരാധകനാണ്. അതിനിടെ ലിയോണ്‍ സിനിമയില്‍ തോക്ക് ഇടതുകൈകൊണ്ട് കറക്കി ഷൂട്ട് ചെയ്യുന്ന ഒരുരംഗമുണ്ട്. കൂട്ടുകാര്‍ക്കിടയില്‍ ഹീറോ പരിവേഷം ലഭിക്കാന്‍ അത്തരത്തില്‍ ഒരു ശ്രമം നടത്തിയെന്നാണ് പൊലീസിന് മൊഴി നൽകിയത്. ഇടവേള സമയത്ത് ക്ലാസ് മുറിയില്‍ ഇതുപോലെ ഇടതു കൈകൊണ്ട് തോക്ക് കറക്കിയപ്പോള്‍ 11 ഹോളുകള്‍ തിരിയുന്നതിനിടെ ആദ്യവെടിപൊട്ടി. അധികം ശബ്ദം ഇല്ലാതിരുന്നതിനാല്‍ അത്രകാര്യമാക്കിയില്ല. ഈ സംഭവത്തിനുശേഷം അധ്യാപിക എത്തി ക്ലാസെടുത്തുപോവുകയും ചെയ്തു. അതിനുശേഷം വീണ്ടും പ്രകടനം നടത്തവെയാണ് അപകടം പറ്റിയത്. വിദ്യാര്‍ഥിയുടെ പിതാവ് നാല് വര്‍ഷമായി രോഗിയായതിനാല്‍ ചികിത്സതേടിയുള്ള ഓട്ടത്തിലായിരുന്നു വീട്ടുകാര്‍ക്ക്. എന്നാല്‍ പിതാവിന്റെ കൈവശം തോക്കുണ്ടന്ന് മനസിലാക്കിയ വിദ്യാര്‍ഥി അത് കൂട്ടുകാരുമായി പങ്കിട്ടിരുന്നു. അതിനിടെ ഒക്ടോബര്‍ ഏഴിന് പിതാവിന്റെ മരണശേഷം എങ്ങിനെയോ തോക്ക് കൈവശപെടുത്തി സ്കൂളിലേക്ക് കൊണ്ടുവരികയും സുഹൃത്തുക്കളുടെ മുന്നിൽ പ്രദർശിപ്പിക്കുകയുമായിരുന്നു. അതിനിടെയാണ് അപകടം. തോക്ക് ആരുണ്ടാക്കിയെന്നും അതിലെ ഉണ്ടകള്‍ എവിടെനിന്നും കിട്ടിയെന്നുമുള്ള അന്വേഷണത്തിലാണ് പൊലീസ്. അതേസമയം, വെടിയേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ ശരീരത്തില്‍ നിന്നു നീക്കം ചെയ്ത വെടിയുണ്ട തൃത്താല പൊലീസ് ശേഖരിച്ചു. വെടിയുണ്ട സീൽ ചെയ്ത് പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ ശേഷം തൃശൂരിലെ ഫോറൻസിക് ലാബിലേക്ക് പരിശോധനക്കായി അയക്കും.പരിക്കേറ്റ കുട്ടി നിലവിൽ ഐ.സി.യുവിൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് മുറിയിലേക്ക് മാറ്റും. രാത്രിയോ, ശനിയാഴ്ചയോ ആശുപത്രി വിട്ടേക്കും. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിക്കാണ് സഹപാഠിയുടെ കൈയിലെ തോക്കില്‍ നിന്നും വെടിയേറ്റത്. മൂന്ന് തവണയാണ് വെടിപൊട്ടിയത്. ഒന്ന് തറയിലും ഒന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് കൊണ്ടത്.




