രോഹിത്, തിലക്, സൂര്യ എന്നിവരെ അൺഫോളോ ചെയ്തു ; മുംബൈ വിടാനുള്ള ഒരുക്കത്തിലാണോ ഹർദിക്?
മുംബൈ : മോശം ഫോമും ടീമിലെ അസ്വാരസ്യങ്ങളെയും തുടർന്ന് മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ട്യ ഈ സീസൺ അവസാനത്തോടെ ടീം വിട്ടേക്കുമെന്ന് സൂചന. താരത്തിന്റെ കൂടുമാറ്റത്തെ പറ്റി നേരത്തെ വാർത്തകൾ സജീവമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ഇൻസ്റ്റാഗ്രാം ഹാൻഡിൽ താരം അൺഫോളോ ചെയ്തതോടെയാണ് ഇത് വീണ്ടും ചർച്ചാവിഷയമാവുന്നത്. പരിക്കിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ടീമിൽ നിന്നും വിട്ട്നിൽക്കുന്ന ഹർദിക് അടുത്തിടെ തന്റെ സോഷ്യൽ മീഡിയ പേജുകളിലെ മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിരുന്നു. ഇത് കൂടി കൂട്ടി വായിച്ചാണ് ക്രിക്കറ്റ് ആരാധകർ കൂടുമാറ്റ വാർത്തകൾ സജീവമാക്കുന്നത്. ഏറ്റവും ഒടുവിൽ താരം മുംബൈയുടെ അക്കൗണ്ട് വീണ്ടും ഫോളോ ചെയ്തിട്ടുണ്ട്.ചെന്നൈ സൂപ്പർ കിങ്സാണ് ഹർദികിന്റെ അടുത്ത ലക്ഷ്യസ്ഥാനമായി പറഞ്ഞ് കേൾക്കുന്നത്. നേരത്തെ ഗുജറാത്ത് നായകനായിരിക്കെ താരം ചെന്നൈയെ പറ്റി നടത്തിയ പരാമർശനങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മുംബൈ ആരാധകർ താരത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനങ്ങൾ നടത്തിയിരുന്നു. ഒരുകാലത്ത് മുംബൈ മിഡിൽ ഓർഡറിലെ അവിഭാജ്യ ഘടകമായിരുന്ന ഹർദിക്കിന് പക്ഷേ തന്റെ രണ്ടാം വരവിൽ തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ഈ സീസണിലും ടീം പ്ലേയോഫിൽ കടക്കാതെ വന്നതോടെയാണ് ആരാധക രോഷം കൊടുമ്പിരി കൊണ്ടത്.ധോണിക്ക് കീഴിൽ ഇന്ത്യൻ ടീമിൽ അരങ്ങേറി തിളങ്ങിയ ഹർദിക്കിന് ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കുക എന്നത് ഒരു ജന്മാഭിലാഷമാണ്. ധോണിയുമായി താരത്തിനുള്ള ആത്മബന്ധവും ഈ നീക്കം നടക്കാനുള്ള സാധ്യതയായി പറയപ്പെടുന്നു. മുംബൈ – ചെന്നൈ മത്സരത്തിന് പിന്നാലെ ചെന്നൈ സിഇഓ കാശി വിശ്വനാഥൻ ഹർദിക്കുമായി ഏറെ നേരം സംസാരിച്ചിരുന്നു, ഇതിന് ശേഷം നടന്ന മത്സരങ്ങളിലാണ് ഹർദിക് പരിക്കെന്ന കാരണം ചൂണ്ടിക്കാട്ടി പുറത്തിരുന്നത്. സീസണിൽ 8 മത്സരങ്ങൾ കളിച്ച ഹർദിക് 146 റൺസും 4 വിക്കറ്റും മാത്രമാണ് നേടിയിട്ടുള്ളത്.




