കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന് ഡൽഹിയിൽ
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. ദിവസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിന് ഇന്ന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നിലവിൽ എഐസിസി സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. എന്നാൽ, വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രിയങ്ക ഗാന്ധി സ്വീകരിച്ചിട്ടുള്ളത്.നേതാക്കൾക്കിടയിലെ പിന്തുണ പരിശോധിച്ചാൽ വലിയൊരു വിഭാഗം കെ.സി. വേണുഗോപാലിനൊപ്പമാണ്. മുൻ കെപിസിസി അധ്യക്ഷന്മാരായ എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എന്നിവർക്ക് പുറമെ വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്നു. അതേസമയം, വി.എം. സുധീരൻ, കെ. മുരളീധരൻ എന്നിവർ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്.തീരുമാനം വൈകുന്നതിലും ഹൈക്കമാൻഡ് സ്വീകരിക്കുന്ന ചില നടപടികളിലും പാർട്ടിയിൽ അതൃപ്തി പുകയുന്നുണ്ട്. ഹൈക്കമാൻഡ് തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലെ ചർച്ചകൾക്കെത്തിയിട്ടില്ല. കൂടാതെ, വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വർക്കിങ് പ്രസിഡന്റുമാരെ പ്രത്യേകമായി ഡൽഹിയിലേക്ക് വിളിപ്പിച്ച നടപടിയിൽ വി.ഡി. സതീശൻ ക്യാമ്പിന് കടുത്ത അതൃപ്തിയുണ്ട്.കോൺഗ്രസിലെ ഈ തർക്കങ്ങൾക്കിടെ മുസ്‌ലിം ലീഗ് ഇന്ന് പാണക്കാട് അടിയന്തര നേതൃയോഗം ചേരുകയാണ്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന ആവശ്യം ലീഗ് ശക്തമായി ഉന്നയിക്കും. ജനവികാരം കണക്കിലെടുക്കാതെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നതിലുള്ള അതൃപ്തി രാവിലെ 10ന് സാദിഖലി തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിൽ ചർച്ചയാകും.മുഖ്യമന്ത്രി ചർച്ചകളിൽ ഇടപെട്ടതുമായി ബന്ധപ്പെട്ട് എം.എം. ഹസൻ ഉൾപ്പെടെയുള്ളവർ നടത്തിയ വിമർശനങ്ങൾക്ക് ലീഗ് മറുപടി നൽകാനും സാധ്യതയുണ്ട്. ഇതിനുപുറമെ, പാർട്ടിയുടെ നിലപാടുകൾക്ക് വിരുദ്ധമായ തീരുമാനമാണ് ഹൈക്കമാൻഡിൽ നിന്നുണ്ടാകുന്നതെങ്കിൽ സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചും ലീഗ് നേതൃത്വം ഗൗരവമായി ആലോചിക്കും.





