തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കിഴക്കേകോട്ട തകരപ്പറമ്പ് ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
ഇവരുടെ വൈദ്യപരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 25 ആയി. അതേസമയം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളുടെ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറയും. വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പിഡിപിപി വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

കേസന്വേഷണം പ്രാഥമികഘട്ടത്തിലായതുകൊണ്ട് പ്രതികൾക്ക് ജാമ്യം അനുവദിക്കരുത് എന്നാണ് പ്രോസിക്യൂഷൻ വാദം. പ്രതികൾ ആയിട്ടുള്ള നിതിൻരാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയുക. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗവും കോടതിയിൽ ഉന്നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button