നിഷ്കളങ്കമായ സ്നേഹത്തിനുടമ’; സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്‌ടീയ-സിനിമാ ലോകം
‘
കോഴിക്കോട്: നടൻ സലിംകുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് സലിംകുമാർ വിടവാങ്ങിയതെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ‘ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹീതനായ കലാകാരൻ. നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചു. സിനിമക്ക് അകത്തും പുറത്തും ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാർ. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു,’ മോഹൻലാൽ കുറിച്ചു.മറ്റുള്ളവരെ സഹായിക്കുകയും അവരെ സഹോദരതുല്യം ചേർത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിംകുമാറെന്നും മോഹൻലാൽ പറഞ്ഞു. മലയാള സിനിമക്കുണ്ടായ വലിയ നഷ്ടമാണ് സലിംകുമാറിന്റെ വിയോഗം. മുഖ്യമന്ത്രി വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി.രാജീവ്, കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ, നടൻ മമ്മൂട്ടി തുടങ്ങിയവർ സലിംകുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ‘മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിംകുമാറിന്റെ വിയോഗ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ദശാബ്ദങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ആ അതുല്യ പ്രതിഭയുടെ വേർപാട് കലാകേരളത്തിന് വലിയൊരു നഷ്ടമാണ്. പ്രിയപ്പെട്ട സലിംകുമാറിന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു,’ പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.അകാലത്തിലുള്ള സലിംകുമാറിൻ്റെ വിയോഗം കനത്ത നഷ്‌ടമാണെന്ന് മുൻ എംഎൽഎയും മുൻ മന്ത്രിയുമായ പി.രാജീവ് പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടുകൾ മറയില്ലാതെ പ്രഖ്യാപിക്കുകയും പച്ച മനുഷ്യനായി ജീവിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് സലിംകുമാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മഹാരാജാസിലെ സലിംകുമാറിൻ്റെ പഠനകാലം മുതൽ എത്രയോ വർഷങ്ങളിലെ ബന്ധമുണ്ട്. അഭിനേതാവ് എന്ന നിലയിൽ സ്വയം പുതുക്കി അത്ഭുതങ്ങൾ സൃഷ്ടിച്ച പ്രതിഭാധനൻ. നർമ്മത്തിനും ഹാസ്യത്തിനും ബഞ്ച് മാർക്കിട്ട നടൻമാർക്ക് ശേഷം സ്‌ക്രീനിലെത്തിയിട്ടും സലിംകുമാർ മലയാളിക്ക് ഓർത്ത് ചിരിക്കാൻ അത്രയേറെ വകയൊരുക്കി. പിന്നീട് ഇന്ത്യയിലെ മികച്ച നടനായുള്ള പകർന്നാട്ടവും കണ്ടു,’ പി.രാജീവ് ഓർത്തെടുത്തു. ‘ചില വേർപാടുകൾ നമ്മെ വല്ലാതെ വേദനിപ്പിക്കും. സലിംകുമാർ എനിക്കൊരു ജേഷ്ഠ സഹോദരനായിരുന്നു. കടുത്ത പ്രതിസന്ധികളിലും ഞാൻ കോൺഗ്രസാണെന്ന് പറയാൻ ധൈര്യം കാണിച്ച കലാകാരൻ. എന്നും പാർട്ടിക്കൊപ്പം നടന്ന സലീമേട്ടൻ. ഞാൻ നടത്തിയ എത്രയെത്ര പരിപാടികളിൽ… എന്റെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു മടിയും കൂടാതെ അദ്ദേഹം ഓടിയെത്തി. അദ്ദേഹവുമായി പങ്കുവെക്കുന്ന ഓരോ നിമിഷങ്ങളും ചിരിയുടെ ഉത്സവങ്ങളായിരുന്നു. ഒട്ടനവധി വ്യത്യസ്തതയാർന്ന വേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച, കരയിച്ച സലീമേട്ടൻ ഇനിയില്ല. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പറയുന്നത് അനൗചിത്യമാണ്. കാരണം അത് ഞങ്ങളുടെ കുടുംബമാണ്. അദ്ദേഹം ഞങ്ങളുടെ കൂടപ്പിറപ്പായിരുന്നു,’ ഹൈബി ഈഡൻ എംപി അനുശോചനം അറിയിച്ചു.





