കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ വിദ്യാർഥികൾ മുങ്ങിമരിച്ചു

അരീക്കോട്: മലപ്പുറം അരീക്കോട് കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് വിദ്യാർഥികൾ ദാരുണമായി മരിച്ചു. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ അഫിയ (നാലാം ക്ലാസ്), അഫ്നാൻ (മൂന്നാം ക്ലാസ്) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികൾ കുളിക്കുന്നതിനായി വീടിന് സമീപത്തുള്ള കുളത്തിലേക്ക് പോയതായിരുന്നു. എന്നാൽ, ഏറെ സമയമായിട്ടും കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പരിഭ്രാന്തരാവുകയും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയുമായിരുന്നു. തിരച്ചിലിനൊടുവിൽ കുളത്തിൽ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ വിയോഗം അരീക്കോട് പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.




