വില കയറ്റത്തിൽ നടുവൊടിഞ്ഞ മലയാളിക്ക് Vd യുടെ നിർണായക കൈത്താങ്.ഇന്ധന സെസ് കുറക്കുന്നു..3രൂപ കുറയും

​തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർദ്ധനവ് മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമേകി, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഇന്ധന സെസ് പിൻവലിക്കാൻ ആലോചന. ജൂൺ 19-ന് അവതരിപ്പിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ഇതുസംബന്ധിച്ച അനുകൂല പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
​നിലവിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും ഒരു ശതമാനം നികുതി സെസ്സും രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസ്സുമടക്കം മൂന്ന് രൂപയാണ് അധികമായി ഈടാക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
​വരുമാനമിടിവ് തിരിച്ചടിയായി
2023-24 ബഡ്ജറ്റിലാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏർപ്പെടുത്തിയത്. എന്നാൽ ഈ തീരുമാനം പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ. സെസ് ഏർപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് ഇന്ധന വിൽപനയിൽ വലിയ ഇടിവാണുണ്ടായത്.
​കണക്കുകൾ പ്രകാരം, ഓരോ വർഷവും ഡീസൽ വിൽപനയിൽ 76.56 കോടി ലിറ്ററിന്റെയും പെട്രോൾ വിൽപനയിൽ 17.76 കോടി ലിറ്ററിന്റെയും കുറവാണ് രേഖപ്പെടുത്തിയത്. വില വർദ്ധിച്ചതോടെ വാഹന ഉടമകൾ യാത്രകൾ കുറച്ചതും, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലായതും വരുമാനത്തെ ബാധിച്ചു. ഈ സാഹചര്യത്തിൽ, സെസ് പിൻവലിക്കുന്നത് വഴി ഇന്ധന വിൽപ്പനയിൽ വർദ്ധനവുണ്ടാകുമെന്നും അത് മൊത്തം നികുതി വരുമാനം ഉയർത്തുമെന്നുമാണ് സർക്കാർ കണക്കുകൂട്ടുന്നത്.
​വിലക്കയറ്റത്തിന്റെ ആഘാതം പഠിച്ചശേഷം അനുഭാവപൂർണ്ണമായ തീരുമാനമുണ്ടാകുമെന്ന് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഡ്ജറ്റിലെ ഈ നീക്കം വലിയൊരു വിഭാഗം ജനങ്ങൾക്ക് ആശ്വാസം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button