സംസ്ഥാനത്ത് രണ്ട് ഷിഗെല്ല കേസുകള്‍ കൂടി; ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 135 പേരില്‍
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ഷിഗെല്ല കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം, മലപ്പുറം ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതയായ കൊല്ലം നെടുങ്ങോലം സ്വദേശിനി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറത്ത് 29കാരനായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 135 ആയി. ഈ മാസം മാത്രം 59 കേസുകളാണ് സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തൃശൂരിലും രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കാഞ്ചേരി മംഗലത്ത് നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ തിരുവനന്തപുരം കാട്ടാക്കടയിലെ ബേക്കറിയില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന പാനീയത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പാനീയത്തിന്റെ സാമ്പിള്‍ അധികൃതര്‍ പരിശോധനക്ക് അയച്ചു.





