കണ്ടവരെല്ലാം പറഞ്ഞു അമ്പോ !; സ്‌കൂട്ടറിൽ ഇടിച്ച് കാട്ടാനയുടെ കൊമ്പ് മൂന്ന് കഷ്ണമായി തകർന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഖാത്തിമ വനമേഖലയിൽ നിന്നുള്ള വാർത്ത അറിഞ്ഞവരെല്ലാം മൂക്കത്ത് വിരൽവെച്ചു കൊണ്ട് ചോദിച്ചു, ഇതെങ്ങനെ സംഭവിക്കും ?.വനമേഖലയിലൂടെ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അധ്യാപികമുന്നിലേക്ക് കാട്ടാന ഓടി വരികയായിരുന്നു. വാഹനത്തിൽ വന്നിടിച്ച കാട്ടാനയുടെ കൊമ്പ് മൂന്നു കഷ്ണമായി തകരുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീണ അധ്യാപികക്കും നിസാര പരിക്കുണ്ട്. ഉധം സിംഗ് നഗർ ജില്ലയിലാണ് സംഭവം. ഖാത്തിമ-തനകപൂർ ഹൈവേയിൽ ചകർപൂരിനും ബൻബാസയ്ക്കും ഇടിയിലുള്ള വന്യജീവി ഇടനാഴിയിലാണ് സംഭവം. ഹിന്ദ് പബ്ലിക്ക് സ്‌കൂളിലെ അധ്യാപികയായ നികിത കപ്രി തന്റെ ആക്ടീവ സ്‌കൂട്ടർ ഓടിച്ചു വരികയായിരുന്നു. പെട്ടെന്ന് സ്‌കൂട്ടറിന് മുന്നിലേക്ക് കാട്ടാനക്കുട്ടി ഓടി വരികയായിരുന്നു. പെട്ടെന്ന് കാട്ടാനയെ കണ്ടപ്പോൾ പരിഭ്രാന്തികൊണ്ട് ബ്രേക്ക് പോലും പിടിക്കാൻ സാധിച്ചില്ല. സ്‌കൂട്ടർ നേരെ പോയി കാട്ടാനയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. കാട്ടാനയുടെ ഒരു കൊമ്പ് മൂന്നായി തകരുകയായിരുന്നു. പേടിച്ച ആന കുറച്ച് കാട്ടിലേക്ക് ഓടി പോവുകയായിരുന്നു. ആനക്കൊമ്പും തകർന്ന വാഹനങ്ങളും കണ്ട് വഴിയാത്രക്കാർ പരിശോധിച്ചപ്പോഴാണ് പാതയുടെ ഓരത്ത് സ്‌കൂൾ ടീച്ചറെ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റ അധ്യാപികയെ ആംബുലൻസിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. റോഡിൽ വീണുകിടന്ന ആനക്കൊമ്പിന്റെ കഷണങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ലോക്കൽ റേഞ്ച് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. വന്യജീവി ഇടനാഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും, പ്രത്യേകിച്ച് മൃഗങ്ങൾ കൂടുതൽ ഇറങ്ങുന്ന പുലർച്ചെയും സന്ധ്യാസമയങ്ങളിലും വേഗത കുറയ്ക്കണമെന്നും അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി





