കൈക്കൂലി ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം.: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ വിജിലൻസ് പ്രാഥമിക അന്വേഷണത്തിലേക്ക് കടന്നു. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും, ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ സി ബിന്നിൽനിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലുകളാണ് അന്വേഷണത്തിന് കാരണം.
ഈ കേസിൽ ചൊവ്വാഴ്ച കരാറുകാരനായ സാജനിൽനിന്ന് വിജിലൻസ് സംഘം മൊഴിയെടുക്കും. ഗ്യാനേഷ് കുമാറിനെതിരേ വെളിപ്പെടുത്തൽ നടത്തിയ ആളാണ് സാജൻ. തിരുവനന്തപുരം ആസ്ഥാനമായ പ്രത്യേക യൂണിറ്റിനാണ് അന്വേഷണച്ചുമതല.
ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തിരുന്നു. സംസ്ഥാനത്തെ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാത്തതിനാലാണ് പതി-ബെൽ പ്രോജക്ട് മാനേജരായ ലീ സി ബിൻ ജീവനൊടുക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ലീയോട് ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചിരുന്നുവെന്നാണ് സാജന്റെ പുതിയ വെളിപ്പെടുത്തൽ. ബില്ലുകൾ മാറാൻ രണ്ടുകോടി രൂപ ആവശ്യപ്പെട്ടുവെന്നും, ഇക്കാര്യം ലീ തന്നോട് പറഞ്ഞിരുന്നുവെന്നും സാജൻ പറഞ്ഞു.
ലീയുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ഗ്യാനേഷ് കുമാർ ആണെന്നും സാജൻ ആരോപിച്ചു. ഇതോടെ സാജന്റെ മൊഴിയും മുൻ വെളിപ്പെടുത്തലുകളും അടിസ്ഥാനമാക്കിയാണ് സർക്കാർ അന്വേഷണം തുടങ്ങാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗ്യാനേഷിനെതിരേ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശവും ലഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.





