ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ കുതിപ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ മികവിൽ ഐ.സി.സി ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഗിൽ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. അതേസമയം, ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട് ന്യൂസിലൻഡ് ബൗളർ മാറ്റ് ഹെൻറിയും ചരിത്രം കുറിച്ചു. അഫ്ഗാനിസ്താനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 84, 154 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്കോർ. ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച അവസാന ഏകദിനത്തിൽ താരം ബാറ്റ് ചെയ്തിരുന്നില്ല. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചലിനേക്കാൾ 24 റേറ്റിങ് പോയിന്റ് മാത്രം പിന്നിലാണ് ഗിൽ. ഇഷാൻ കിഷൻ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 43-ാം റാങ്കിലെത്തിയപ്പോൾ, മറ്റ് ഇന്ത്യൻ ബൗളർമാരും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. അർഷ്ദീപ് സിങ് 16 സ്ഥാനങ്ങൾ കയറി 22-ാമതും, പ്രസിദ്ധ് കൃഷ്ണ 34 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 58-ാമതുമെത്തി. ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ 17 സ്ഥാനങ്ങൾ മുന്നേറി 71-ാം റാങ്ക് പങ്കിടുന്നു. പരിക്കുമൂലം അഫ്ഗാൻ പരമ്പര നഷ്ടമായ വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രോഹിത് ശർമ നാലാം സ്ഥാനത്ത് തുടരുന്നുണ്ട്. ശ്രേയസ് അയ്യർ ഒരു സ്ഥാനം മെച്ചപ്പെടുത്തി 14-ാം സ്ഥാനത്തെത്തിയപ്പോൾ, കെ.എൽ രാഹുൽ 11-ാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മിന്നും പ്രകടനമാണ് ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിയെ ടെസ്റ്റ് റാങ്കിങ്ങിന്റെ നെറുകയിലെത്തിച്ചത്. മത്സരത്തിൽ 11 വിക്കറ്റുകൾ വീഴ്ത്തിയ താരം ന്യൂസിലൻഡിന്റെ 253 റൺസിന്റെ വമ്പൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇതോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പര 1-1 ന് സമനിലയിലാക്കാൻ കിവീസിന് സാധിച്ചത്. 2024 നവംബറിൽ കാഗിസോ റബാഡയെ മറികടന്ന് ബുംറ സ്വന്തമാക്കിയ ഒന്നാം സ്ഥാനമാണ് ഇപ്പോൾ ഹെൻറിയും പങ്കിടുന്നത്.36 വർഷങ്ങൾക്ക് ശേഷമാണ് ഒരു ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1947-ൽ ജാക്ക് കൗവിയും, 1984-1990 കാലഘട്ടത്തിൽ റിച്ചാർഡ് ഹാഡ്‌ലിയുമാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച കിവീസ് താരങ്ങൾ. ഈ അപൂർവ പട്ടികയിലേക്കാണ് മുപ്പത്തിനാലുകാരനായ ഹെൻറിയും ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.കൂടാതെ, ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ താത്കാലിക നായകൻ ജോ റൂട്ട് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വീണ്ടും ഒന്നാം റാങ്കിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button