അരിവിലക്കയറ്റത്തിന് ആശ്വാസം; സപ്ലൈകോ വഴി ഭാരത് അരി, ഒരു കിലോഗ്രാമിന് 36 രൂപ
സംസ്ഥാനത്ത് അരിവില ഉയരുന്ന സാഹചര്യത്തിൽ ഭാരത് അരി സപ്ലൈകോ വഴി വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കണമെന്ന സപ്ലൈകോയുടെ ആവശ്യത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (FCI) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഡൊമസ്റ്റിക്) പ്രകാരം കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കണമെന്നായിരുന്നു സപ്ലൈകോ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ ഭാരത് അരി നൽകാമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു.
മുമ്പുണ്ടായിരുന്ന സബ്സിഡി കേന്ദ്രസർക്കാർ പൂർണമായി പിൻവലിച്ചതോടെ ഭാരത് അരിയുടെ വിലയിൽ രണ്ട് വർഷത്തിനിടെ കിലോഗ്രാമിന് ആറു രൂപയുടെ വർധനയാണ് ഉണ്ടായത്. എന്നാൽ പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിക്കുമ്പോൾ കിലോയ്ക്ക് 36 രൂപയ്ക്ക് അരി ലഭിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസം പകർന്നേക്കും. ആവശ്യമായ അരിയുടെ അളവ് വ്യക്തമാക്കിക്കൊണ്ട് സപ്ലൈകോ ഉടൻ കേന്ദ്രത്തിന് കത്ത് നൽകും.10 കിലോഗ്രാം പാക്കറ്റിന് 360 രൂപയാണ് ഭാരത് അരിയുടെ വില. അതായത് കിലോഗ്രാമിന് 36 രൂപ. കേന്ദ്രസർക്കാർ സബ്സിഡി പൂർണമായി പിൻവലിച്ചതോടെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഭാരത് അരിയുടെ വില കിലോഗ്രാമിന് ആറ് രൂപ വർധിച്ചു.
എഫ്.സി.ഐയിൽ നിന്ന് നാഫെഡ് (നാഷനൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) അരി വാങ്ങി സംസ്കരിച്ച ശേഷമാണ് സപ്ലൈകോയ്ക്ക് നൽകുക. നുറുങ്ങിയ അരി നീക്കം ചെയ്തായിരിക്കും വിതരണം.
2024 ഫെബ്രുവരി ആറിനാണ് രാജ്യവ്യാപകമായി ഭാരത് അരി വിപണിയിലെത്തിച്ചത്. നാഫെഡ്, നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (NCCF), കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ കേന്ദ്ര സഹകരണ സ്ഥാപനങ്ങൾ വഴിയും സ്വകാര്യ വിപണന ശൃംഖലകൾ വഴിയും കേരളത്തിൽ അരി വില്പന നടത്തിയിരുന്നു
സപ്ലൈകോ വഴി നിലവിൽ റേഷൻ കാർഡുടമകൾക്ക് കിലോഗ്രാമിന് 33 രൂപ നിരക്കിൽ 10 കിലോഗ്രാം വരെ സബ്സിഡി അരി ലഭിക്കുന്നുണ്ട്. മട്ട, കുറുവ തുടങ്ങിയ അരികളാണ് ഈ നിരക്കിൽ നൽകുന്നത്. ഇതനുസരിച്ച് ഭാരത് അരിക്ക് സബ്സിഡി അരിയേക്കാൾ കിലോഗ്രാമിന് മൂന്ന് രൂപ അധികം നൽകേണ്ടിവരും. എന്നാൽ പൊതുവിപണിയിലെ വൻ വിലക്കയറ്റത്തിനിടെ ഭാരത് അരിയുടെ വരവ് വിപണിയിൽ ആശ്വാസം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്





