തിരുവങ്ങൂര്‍ വാഹനാപകടം: മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; അപകടം ജോലിക്ക് പോകുന്നതിനിടെ
ചേമഞ്ചേരി: തിരുവങ്ങൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത് തുവ്വക്കോട് സ്വദേശി.

തുവ്വക്കോട് മുള്ളോളി സ്വദേശി അഭിനന്ദ് ശങ്കർ(24) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ദേശീയപാതയില്‍ തിരുവങ്ങൂരില്‍ വെച്ച് അഭിനന്ദ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സ്പീഡ് ട്രാക്കിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. തിരുവങ്ങൂരില്‍ നിന്നും സ്പീഡ് ട്രാക്കിലേക്ക് കയറുകയായിരുന്ന ബൈക്ക്. ലോറി ഇടിച്ചതിന് പിന്നാലെ ബൈക്ക് മുന്നോട്ടേക്ക് തെറിച്ചു നീങ്ങുകയും ബൈക്ക് യാത്രികനായ അഭിനന്ദ് താഴെവീണ് ഇയാളുടെ മുകളിലൂടെ ലോറി കയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കാട്ടില്‍പ്പീടികയിലെ പെയിന്റ് കടയില്‍ ജോലിയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.
പിതാവ്: രാധാകൃഷ്ണന്.
മാതാവ്: ഗീത( മുന്‍ ചേമഞ്ചേരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍)
പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകീട്ടോടെ തിരുവങ്ങൂര്‍ സൈരി റോഡില്‍ താഴപൊയില്വീട്ടില് സംസ്ക്കരിക്കും.





