പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണം’; ബസുടമകൾ അപ്പീലുമായി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ
‘
ന്യൂഡൽഹി: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ ബസുടമകളുടെ അപ്പീൽ. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ് അപ്പീൽ നൽകിയത്. കെ.എസ്.ആർ.ടി.സി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സ്വകാര്യ ബസുകളിൽ യാത്രക്കാർ കുറഞ്ഞെന്നും തങ്ങൾക്ക് വൻ നഷ്ടം ഉണ്ടാകുന്നുവെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരമായി സ്വകാര്യ ബസുകളിലും പ്രിയദർശിനി പദ്ധതി നടപ്പാക്കണം. ഇതിനു വരുന്ന ചെലവ് സർക്കാർ വഹിക്കണമെന്നുമാണ് ആവശ്യം. അടുത്തയാഴ്ച അപ്പീൽ പരിഗണിക്കുമെന്നാണ് സൂചന.പ്രിയദർശിനി പദ്ധതിമൂലം നേരിടുന്ന സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾ നൽകിയ ഹർജി നേരത്തെ, ഹൈകോടതിയും കോമ്പറ്റിഷൻ കമീഷൻ ഓഫ് ഇന്ത്യയും തള്ളിയിരുന്നു. പദ്ധതി സംസ്ഥാന സർക്കാറിന്റെ വിവേചനാധികാരമെന്നാണ് കോമ്പറ്റിഷൻ കമീഷൻ ഓഫ് ഇന്ത്യ അന്ന് ചൂണ്ടിക്കാട്ടിയത്. പ്രിയദർശനി പദ്ധതി തടയണമെന്നാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയാണിതെന്നും തടയാൻ കഴിയില്ലെന്നും കമീഷൻ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് സർക്കാറിനെ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ബസുടമകൾ കോടതിയെയും സമീപിച്ചു. ഹർജിയിൽ ഭരണഘടനാലംഘനമോ വിവേചനമോ കാണാനാവുന്നില്ല എന്നാണ് കോടതി പറഞ്ഞത്. അതേസമയം, കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി സംസ്ഥാന സർക്കാർ വീണ്ടും കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രിയദർശിനി സർവിസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെംബർ സുരേഷ് ബാബു ചെയർമാനായ കമ്മിറ്റിയിൽ കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, നാറ്റ്പാക് ടെക്നിക്കൽ ഓഫിസർ ആർ.ജെ. സഞ്ജയ് എന്നിവർ അംഗങ്ങളാണ്. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ സി.വി.എം. ഷെരീഫ് കൺവീനർ. ആറ് ആഴ്ചക്കുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.





