പരമ്പരാഗതമായ രീതിയിൽ കുഴലപ്പം ഉണ്ടാക്കാൻ മടിയാണോ ? എന്നാൽ കുക്കർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വെറൈറ്റി റെസിപ്പി പറഞ്ഞു തരട്ടെ ?
മാവ് കുഴച്ചും പരത്തിയും കൈവേദന എടുക്കാതെ തന്നെ ക്രിസ്പിയായ കുഴലപ്പം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
വറുത്ത പച്ചരിപ്പൊടി (ഇടിയപ്പത്തിനോ പത്തിരിക്കോ എടുക്കുന്ന തരിയില്ലാത്ത പൊടി) – 1 കപ്പ്
ചിരകിയ തേങ്ങ – കാൽ കപ്പ്
ചെറിയ ഉള്ളി – 4 എണ്ണം
വെളുത്തുള്ളി – 2 ചെറിയ അല്ലി
ചെറിയ ജീരകം (നല്ല ജീരകം) – കാൽ ടീസ്പൂൺ
എള്ള് – അര ടീസ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ഒന്നര കപ്പ്
തയാറാക്കുന്ന വിധം
മിക്സിയുടെ ചെറിയ ജാറിൽ തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, ചെറിയ ജീരകം എന്നിവ കാൽ കപ്പ് വെള്ളം ചേർത്ത് തരിതരിപ്പായി (അവിയിലിന് അരയ്ക്കുന്ന പരുവത്തിൽ) അരച്ചെടുക്കുക. ഈ അരപ്പിലേക്ക് ഒന്നേകാൽ കപ്പ് വെള്ളവും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി കൂടി ചേർത്ത് കട്ടകളില്ലാതെ നന്നായി കലക്കിയെടുക്കുക. ഇത് ഒരു കുക്കറിലേക്ക് ഒഴിച്ച് അതിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക. മീഡിയം ഫ്ലെയിമിൽ വെച്ച് കൈവിടാതെ ഇളക്കി മാവ് കുറുക്കിയെടുക്കണം. മാവ് കുറുകി വന്നാൽ തീ ഓഫ് ചെയ്ത് കുക്കർ അടച്ച് 5 മിനിറ്റ് വെക്കുക. കുക്കറിലെ ചൂടിലിരുന്ന് മാവ് നല്ല സോഫ്റ്റ് ആയി വെന്തു കിട്ടും. മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി എള്ള് ചേർത്ത് ഒന്ന് യോജിപ്പിക്കുക. കൂടുതൽ കുഴക്കേണ്ട ആവശ്യമില്ല. മാവ് നെല്ലിക്ക വലിപ്പത്തിലുള്ള ഉരുളകളാക്കി എടുക്കുക. ഒരു പ്ലാസ്റ്റിക് ഷീറ്റിൽ എണ്ണ തടവി ഉരുളകൾ വെച്ച് ഒരു പ്ലേറ്റോ തട്ടോ ഉപയോഗിച്ച് അമർത്തി പരത്തുക. ഇത് വിരലിൽ ചുറ്റി റോൾ ചെയ്ത് അറ്റങ്ങൾ ഒട്ടിച്ചെടുക്കുക. തിളച്ച വെളിച്ചെണ്ണയിൽ മീഡിയം ഫ്ലെയിമിൽ ഇട്ട് ഗോൾഡൻ നിറമാകുന്നത് വരെ വറുത്തെടുക്കുക





