കുതിച്ചുപായാൻ ഇത്തിഹാദ് റെയിൽ; അബൂദബി-ഫുജൈറ പാസഞ്ചർ സർവീസ് ജൂൺ 30 മുതൽ

ദുബൈ: യുഎഇ ദേശീയ റെയിൽപാതയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് ഈമാസം 30 ന് തുടങ്ങും. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്കും, തിരിച്ചുമാണ് ആദ്യ സർവീസ്. അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ റെയിൽവേ സ്റ്റേഷൻ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പ്രഖ്യാപനം. സെപ്തംബറിൽ തുടങ്ങുമെന്ന് അറിയിച്ച സർവീസാണ് മൂന്ന് മാസം നേരത്ത ആരംഭിക്കുന്നത്. ഇത്തിഹാദ് റെയിലിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി അബൂദബിയിൽ നിന്ന് ഫുജൈറയിലേക്കും തിരിച്ചും ടിക്കറ്റ് വിൽപന തുടങ്ങി കഴിഞ്ഞു. 50 ശതമാനം ഇളവോടെ കുറഞ്ഞത് 55 ദിർഹമാണ് തുടക്കത്തിൽ കംഫർട്ട് ക്ലാസിലെ ടിക്കറ്റ് നിരക്ക്. പ്രീമിയം ക്ലാസിൽ കുറഞ്ഞത് 129 ദിർഹം ഈടാക്കും.ദിവസം മൂന്ന് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അബൂദബിയിൽ നിന്ന് രാവിലെ രാവിലെ 8:19 നാണ് ആദ്യ ട്രെയിൻ. ഉച്ചക്ക് 1:13 നും വൈകീട്ട് 6:39 നും ഫുജൈറയിലേക്ക് ട്രെയിനുണ്ടാകും. ഫുജൈറയിൽ നിന്ന് അബൂദബിയിലേക്ക് ആദ്യ ട്രെയിൻ പുലർച്ചെ 5:34 ന് പുറപ്പെടും. രാവിലെ 10:59 നും, വൈകുന്നേരം 5:28 അബൂദബിയിലേക്ക് ട്രെയിനുണ്ടാകും. ഇന്ന് ഉദ്ഘാടനം ചെയ്ത അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്നാണ് പാസഞ്ചർ സർവീസ് ആരംഭിക്കുന്നത്. സ്റ്റേഷന്റെ ഉദ്ഘാടനം അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് നിർവഹിച്ചു. ദുബൈ സ്റ്റേഷൻ, ഷാർജയിലെ ദൈദ് സ്റ്റേഷൻ എന്നിവ സെപ്തംബർ 30 നും, അബൂദബി അൽദഫ്റ സ്റ്റേഷൻ ഡിസംബർ 30 നും തുറക്കും. ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ അടുത്തവർഷം മാർച്ചിൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button