പൂട്ടിക്കോ നിൻ്റെ കട…”; അച്ഛനെ തല്ലിയതിന് പകരം ചോദിച്ച് പെൺമക്കൾ; വാരണാസിയിൽ ദോശക്കട അടിച്ചുതകർത്തു
”
വാരണാസി: വാരണാസിയില്‍ പിതാവിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് രണ്ട് പെണ്‍കുട്ടികള്‍ ദോശക്കട തകർത്തു. ദോശക്കടയിലെ ജീവനക്കാര്‍ പിതാവിനെ ആക്രമിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതിലാണ് സഹോദരിമാരുടെ പ്രതിഷേധം. ദോശക്കടയിലെത്തിയ ഇരുവരും അവിടെയുണ്ടായിരുന്ന പാത്രങ്ങള്‍ തട്ടിമറിക്കുകയും ജീവനക്കാരന്റെ മേല്‍ വെള്ളമൊഴിക്കുകയും തട്ടിക്കയറുകയും ചെയ്തു.കഴിഞ്ഞ നവംബര്‍ നാലിനാണ് പെണ്‍കുട്ടികളുടെ പിതാവും ദോശക്കടയിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് പിതാവിനെ ജീവനക്കാര്‍ മര്‍ദിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ കുടുംബം ഭേലുപൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് യാതൊരു നടപടിയുമെടുത്തില്ല. ഇതോടെയാണ് സഹോദരിമാര്‍ ദോശക്കട തകര്‍ത്തത്. സഹോദരിമാര്‍ സ്കൂട്ടറില്‍ ദോശക്കടയിലെത്തുന്നത് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഒരാള്‍ കടയിലേക്ക് പാഞ്ഞ് കയറി ജീവനക്കാരോട് ദേഷ്യപ്പെടുകയും തങ്ങളുടെ പിതാവിനെ ആക്രമിച്ച വിവരം എല്ലാവരോടും വിളിച്ചുപറയുകയും ചെയ്തു. രണ്ടാമത്തെ സഹോദരി ഇത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു. തുടര്‍ന്ന് ആദ്യത്തെ പെണ്‍കുട്ടി കടയിലേക്ക് പാഞ്ഞുകയറുകയും മാവ് നിറച്ചുവെച്ചിരുന്ന പാത്രം മറിച്ചിടുകയും ജീവനക്കാരന്റെ ദേഹത്തേക്ക് വെള്ളമൊഴിക്കുകയും ചെയ്തു. കട പൂട്ടാന്‍ അവള് ജീവനക്കാരനോട് ആക്രോശിക്കുന്നുണ്ടായിരുന്നു.നാട്ടുകാര്‍ പെണ്‍കുട്ടികളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും അവരോടും പെണ്‍കുട്ടികള്‍ തട്ടിക്കയറി. ‘ഇവിടെ കുട്ടികളുണ്ട്, നിങ്ങള്‍ അതൊന്ന് ശ്രദ്ധിക്കണം, എന്തിനാണ് ഇവിടെ ബഹളമുണ്ടാക്കുന്നത്? എന്ന് ഒരു പ്രദേശവാസി ചോദിച്ചപ്പോള്‍, പെൺകുട്ടി അവരോട് ‘മിണ്ടാതിരിക്കാന്‍’ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ മറ്റ് ആളുകളും ഇടപെടുകയായിരുന്നു. ഇതിനിടെ ഒരു സ്ത്രീ രണ്ടാമത്തെ പെൺകുട്ടിയുടെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാംജീവനക്കാരന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തുമെന്നും എസിപി ഗൗരവ് കുമാര്‍ പറഞ്ഞു.





