പെൺകുട്ടിയെ അകത്തിട്ട് വീട് പൂട്ടി സീൽ വെച്ചു; പ്രയാഗ്രാജ് വികസന അതോറിറ്റിക്കെതിരെ പ്രതിഷേധം
പ്രയാഗ് രാജ്: ഉത്തർപ്രദേശിൽ പെൺകുട്ടിയെ അകത്തുനിർത്തി അധികൃതർ വീട് സീൽ ചെയ്തതായി ആരോപണം. പ്രയാഗ് രാജ് വികസന അതോറിറ്റി (പി.ഡി.എ) ഉദ്യോഗസ്ഥരാണ് അനധികൃത നിർമാണം ആരോപിച്ച് സിവിൽ ലൈൻസ് ഏരിയയിലെ വീട് അടച്ചുപൂട്ടിയത്. ഈ സമയം വീട്ടുടമയുടെ മകൾ അകത്ത് കുടുങ്ങുകയായിരുന്നു. അമ്മ മറ്റൊരു മകളെ ഡോക്ടറെ കാണിക്കാൻ പോയപ്പോഴാണ് മുന്നറിയിപ്പില്ലാതെ വീടുപൂട്ടി സീൽ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. പി.ഡി.എ അധികൃതർ സീൽ ചെയ്ത വീട്ടിനുള്ളിൽ പെൺകുട്ടി അകപ്പെട്ട വിഡിയോ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് പുറത്തുവിട്ടത്. ചുമരിൽ പി.ഡി.എ നോട്ടീസ് പതിച്ചിട്ടുണ്ട്.എന്നാൽ, ഇക്കാര്യം പി.ഡി.എ അധികൃതർ നിഷേധിച്ചു. സീൽ ചെയ്ത വീട്ടിന് തൊട്ടടുത്താണ് ഇവരുടെ സഹോദരൻ താമസിക്കുന്നതെന്നും പെൺകുട്ടി പിന്നിലെ വഴിയിലൂടെ അകത്ത് പ്രവേശിച്ചതാണെന്നും പി.ഡി.എ വൈസ് ചെയർമാൻ ഋഷിരാജ് വാർത്ത ഏജൻസിയോട് പറഞ്ഞു.





