വിരമിക്കൽ പാര്‍ട്ടിക്ക് പിന്നാലെ സ്കൂൾ പ്രിൻസിപ്പൽ ഓടയിൽ വീണു മരിച്ചു; മൂന്ന് എഞ്ചിനീയര്‍മാര്‍ക്ക് സസ്പെൻഷൻ

ജയ്പൂര്‍: വർഷങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിന്‍റെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെ ഓടയിൽ വീണ് സ്കൂൾ പ്രിൻസിപ്പാൾക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിലുള്ള ബോർഖേര പ്രദേശത്താണ് സംഭവം. 60 കാരനായ രാമേശ്വർ റാവലാണ് മരിച്ചത്. സംഭവത്തിൽ കോട്ട ഡെവലപ്‌മെന്‍റ് അതോറിറ്റി മൂന്ന് എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്യുകയും കരാറുകാരന് 17 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ബുധനാഴ്ച വൈകിട്ടായിരുന്നു വിരമിക്കൽ പാര്‍ട്ടി. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഏറെ സന്തോഷത്തോടെ ഫോട്ടോകൾക്ക് പോസ് ചെയ്ത ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ രാത്രിയായിട്ടും റാവൽ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.വ്യാഴാഴ്ച രാവിലെ ബോർഖേരയിലെ ഗോകുൽ കോളനിയിലുള്ള നിർമാണത്തിലിരിക്കുന്ന ഓടയിൽ ഒരു ബൈക്ക് കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടക്കത്തിൽ ബൈക്ക് മാത്രമാണ് ഓടയിൽ ഉള്ളതെന്നായിരുന്നു വിവരം. എന്നാൽ ബോർഖേര പോലീസ് സ്റ്റേഷനിലെ എഎസ്ഐ ധർമ്മവീർ സിങ്ങിന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി ബൈക്ക് ഉയർത്തിയപ്പോഴാണ് അടിയിൽ റാവലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ മഹാനാവോ ഭീം സിംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ വഴിയാണ് മരിച്ചത് രാമേശ്വർ റാവലാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.പൊതുമരാമത്ത് പണികളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന ആക്ഷേപം ശക്തമായതിനെ തുടർന്നാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button