പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി;കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവ സമയത്ത് പുറത്തെടുക്കുന്നതിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായാണ് കുടുംബത്തിന്റെ പരാതി. കക്കോടി ഒറ്റതെങ്ങ് സ്വദേശികളായ സുജിൻ-അമല ദമ്പതികളുടെ കുഞ്ഞിനാണ് ദുരവസ്ഥയുണ്ടായത്. കുഞ്ഞിന്റെ വലതുകൈയിലെ എല്ലാണ് പൊട്ടിയത്. പ്രസവശേഷം കുഞ്ഞിനെ മാതാപിതാക്കളെ കാണിക്കുന്നതിന് മുൻപ് തന്നെ ആശുപത്രി അധികൃതർ ഒടിവുണ്ടായ കൈക്ക് പ്ലാസ്റ്റർ ഇട്ടിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ പ്രസവിച്ച് രണ്ടാം ദിവസം പ്ലാസ്റ്റർ അഴിഞ്ഞുവീണു. തുടർന്ന് കുഞ്ഞ് വേദനകൊണ്ട് കരഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോ നഴ്സുമാരോ തിരിഞ്ഞുനോക്കാൻ തയ്യാറായില്ലെന്ന് കുട്ടിയുടെ അമ്മ അമല പറഞ്ഞു. മണിക്കൂറുകളോളം കാത്തുനിന്ന് കെഞ്ചിക്കേണിയിട്ടും മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ചികിത്സയും ലഭിച്ചില്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. കുഞ്ഞിന്റെ അവസ്ഥ കൂടുതൽ മോശമായതോടെ കുടുംബം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ നൽകാതിരുന്നതു മൂലം കുട്ടിയുടെ കയ്യിലെ എല്ല് സ്ഥാനം തെറ്റിയതായും സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ കുഞ്ഞിന്റെ കുടുംബം ഇപ്പോൾ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും മെഡിക്കൽ കോളേജ് പൊലീസിനും കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.





