കേരളത്തിൽ വീണ്ടും കടന്നൽ കുത്തേറ്റ് മരണം; കാട്ടാക്കടയിൽ കെട്ടിട നിർമാണ തൊഴിലാളി മരിച്ചു
കാട്ടാക്കട: സംസ്ഥാനത്ത് കടന്നൽ കുത്തേറ്റ് മരണം വീണ്ടും. ഏതാനും മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടന്നൽ കുത്തേറ്റ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഏറ്റവും ഒടുവിൽ കാട്ടാക്കടയിൽ കടന്നല് കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു. വീരണകാവ് പട്ടകുളം സുധീഷ് ഭവനിൽ സുന്ദരൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീരണകാവിനടുത്ത് വച്ചായിരുന്നു സംഭവം. കെട്ടിട നിർമാണ തൊഴിലാളിയായ സുന്ദരന്‍ ചായക്കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കടന്നല് കൂട്ടം ആക്രമിച്ചത്. റബർ മരത്തിലിരുന്ന കടന്നൽ കൂട് ഇളകി റോഡില്‍ വീണത് അറിയാതെ അതുവഴി പോവുകയായിരുന്നു സുന്ദരൻ.തലയിലും മുഖത്തും ഉള്‍പ്പെടെ ശരീരമാസകലം പരിക്കേറ്റ സുന്ദരനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടാക്കട പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ സുശീല. മക്കൾ: സുമ, സുധീഷ്. കഴിഞ്ഞ ഒക്ടോബർ 20 ന് തിരുവനന്തപുരം കോവളം വെങ്ങാനൂരിലും കടന്നൽ കുത്തേറ്റ് മരണം സംഭവിച്ചു. വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടിൽ വി. സഹദേവൻ (76) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽനിന്ന് വീണുകിടക്കുന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടയിൽ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സഹദേവനെ വീട്ടുകാർ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും പിറ്റേദിവസം മരണപ്പെടുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ തെങ്ങുകയറ്റ തൊഴിലാളിയാണ് കടന്നൽ കുത്തേറ്റ് മരിച്ചത്. കോഴിക്കോട് ചക്കിട്ടപാറ മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് മരിച്ചത്. ചക്കിട്ടപാറ പന്തിരിക്കരയിൽ കൃഷിയിടത്തിൽ തെങ്ങിൽ കയറുന്നതിനിടയിൽ കടന്നലിന്റെ കുത്തേൽക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആഗസ്റ്റിൽ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിക്കും കടന്നൽ കുത്തേറ്റ് ജീവൻ നഷ്ടമായി. കണ്ണൂർ പരിയാരം തലോറ സ്വദേശി ടി.വി. ഗോകുൽദാസ് (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. തേങ്ങ പറിക്കുന്നതിനായി തെങ്ങിൽ കയറിയ സമയത്ത് അവിടെയുണ്ടായിരുന്ന കടന്നൽക്കൂട് ഇളകുകയും ഗോകുൽദാസിനെ കൂട്ടത്തോടെ ആക്രമിക്കുകയുമായിരുന്നു.





