ഇത് ദൈവിക നിയോഗം, വാഗ്ദാനങ്ങൾ പാലിക്കും -വി.ഡി സതീശൻ
തിരുവനന്തപുരം: ഇത് ദൈവിക നിയോഗമാണെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. പാർട്ടി മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തിയ ശേഷം നടത്തിയ ആദ്യ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തീർച്ചയായും വലിയ ഉത്തരാവാദിത്വമാണ് എന്നെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണം. മഹത്തായ വിജയത്തിന് പിന്നിൽ ടീം യു.ഡി.എഫാണ്. കെ.സി വേണുഗോപാൽ, രമേഷ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എന്നിവരുടെ ഏകോപനമാണ് യു.ഡി.എഫിന് വലിയ വിജയം നേടാൻ സഹായിച്ചത്. ഇതിന് ഞാൻ ഇവരോട് നന്ദി പറയുകയാണ്.കേരളത്തിന്റെ വികസനത്തിന് പ്രതിപക്ഷത്തിനും ഉത്തരവാദിത്വമുണ്ടെന്നും അവരിൽനിന്നുള്ള സഹകരണം ആവശ്യമാണെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തിരുമാനിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകിയിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും സതീശൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ വ്യക്തമാക്കി.





