വിലക്ക് മറികടന്ന് വിപണിയിൽ ‘വിഷക്രീമുകൾ’; ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയ ചാന്ദ്നി ക്രീമുകൾ ഓൺലൈനിൽ സുലഭം
തിരുവനന്തപുരം: ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയ ബ്യൂട്ടി ക്രീമുകൾ ഓൺലൈനിൽ സുലഭമായി ലഭിക്കുന്നതായി ഗുരുതരമായ കണ്ടെത്തൽ. പാക്കിസ്ഥാനിൽ നിർമ്മിക്കുന്ന ഗോറി, ചാന്ദ്നി എന്നി ക്രീമുകളാണ് ഇപ്പോഴും ഓൺലൈൻ വഴി വിൽപ്പന നടത്തുന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ്റെ പരിശോധനയിൽ അമിതമായ ഘനലോഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു വിലക്കേർപ്പെടുത്തിയത്.മീഡിയവൺ അന്വേഷണത്തിൽ ഈ ഉൽപന്നങ്ങൾ ഇപ്പോഴും വാങ്ങാൻ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 8നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ഇതുസംബന്ധിച്ച് നോട്ടീസ് ഇറക്കിയത്. ചാന്ദ്നി, ഗോറി എന്നിവയിൽ അമിതമായ ഘനലോഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവ വിൽപ്പന നടത്തരുത്, ആരും ഉപയോഗിക്കരുത്, പരസ്യം പോലും ചെയ്യരുത് എന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. തുടർന്നാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ള ഉൽപന്നങ്ങൾ ഇപ്പോഴും ലഭ്യമാണെന്ന് മീഡിയവൺ അന്വേഷണത്തിൽ കണ്ടെത്തിയത്.വലിയ ഓഫറുകൾ നൽകിയാണ് വിലക്കുള്ള ഉൽപന്നങ്ങൾ ഓൺലൈൻ വഴി വിൽപ്പന നടത്തുന്നത്. സൗന്ദര്യവർധക വസ്തുക്കളിൽ അമിതമായി മെർക്കുറി, ലെഡ്, ആർസനിക്, കാഡ്മിയം, ക്രോമിയം, കോബർട്ട് എന്നിവ കണ്ടെത്തിയാൽ മറ്റ് പേരുകളിൽ ഇതേ ഉൽപന്നങ്ങൾ എത്താറുണ്ടെന്ന് ആരോഗ്യ മന്ത്രാലയം തന്നെ കണ്ടെത്തിയിട്ടുണ്ട്. വിലക്ക് ഉള്ള ഉൽപന്നങ്ങൾ അതെ പേരിലാണ് ഇപ്പോഴും ഓൺലൈൻ വഴിവിൽപ്പന നടത്തുന്നത്.





