‘പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച പാരമ്പര്യം വയനാടിനുണ്ട്…’; മണ്ണിടിച്ചിൽ ദുരന്തത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ അനുശോചിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവം അതീവ ദുഃഖകരമാണെന്നും എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നതായും രാഹുൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘മണ്ണിടിച്ചിൽ വാർത്ത അതീവ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ദുരന്തബാധിതർക്കൊപ്പം എന്റെ പ്രാർഥനകളുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരും സഹായത്തിനായി മുന്നിട്ടിറങ്ങണമെന്ന് അഭ്യർഥിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച വലിയൊരു പാരമ്പര്യം വയനാടിനുണ്ട്. ദുരന്തം ബാധിച്ച കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ ഒറ്റക്കെട്ടായി ഉണ്ടാകും’ -രാഹുൽ എക്സിൽ കുറിച്ചു.

നേരത്തെ, ഉരുൾപൊട്ടലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി എം.പി പ്രതികരിച്ചിരുന്നു. ‘മുഖ്യമന്ത്രി വി.ഡി. സതീശൻ രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. പ്രിയപ്പെട്ട കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ പ്രതിസന്ധി ഘടത്തിൽ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും, സാധ്യമായ എല്ലാ പിന്തുണയും നിങ്ങൾക്ക് നൽകും. യു.ഡി.എഫ് പ്രവർത്തകരോടും ഭാരവാഹികളോടും പൊതുജനങ്ങളോടും ഭരണകൂടത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ച് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് അഭ്യർഥിക്കുന്നു. ഇങ്ങനെയൊരു സമയത്ത്, ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും’ പ്രിയങ്ക എക്സിൽ കുറിച്ചു

വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുപേരാണ് മരിച്ചത്. നാലുപേരെ കാണാനില്ല. കാണാതായവർക്കുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്നലെ മുതൽ വയനാട്ടിൽ അതിതീവ്ര മഴയാണ്. 18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ഒമ്പതു പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല ഭരണകൂടം ഔദ്യോഗികമായി മൂന്നു മരണങ്ങളാണ് സ്ഥിരീകരിച്ചത്. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.കള്ളാടി താഞ്ഞിരോട് പ്രദേശത്തെ പുഴയുടെ താഴ്ഭാഗത്തുള്ള കുടുംബങ്ങെള മാറ്റിപ്പാർപ്പിച്ചു. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ,സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ സ്ഥലത്തെ മീനാക്ഷി പാലത്തിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. മേപ്പാടി-ചൂരൽമല റോഡിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു. മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിലേക്ക് പതിച്ച മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന പൊലീസിന്‍റെ സ്നിഫർ നായകളെ സ്ഥലത്ത് എത്തിച്ച് പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button