ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല’; നടുക്കുന്ന അനുഭവം പങ്കുവെച്ച് കള്ളാടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ
‘
കൽപ്പറ്റ | വയനാട് കള്ളാടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിലും (Landslide) മലവെള്ളപ്പാച്ചിലിലും പെട്ട് അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയ എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഇപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. തങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് അവർക്ക് വിശ്വാസിക്കാനാവുന്നില്ല. മീനാക്ഷിപുരം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തമിഴ് സ്വദേശികളായ കൂറമ്മാളും ഭർത്താവ് ബൽരാജുമാണ് കുത്തിയൊലിച്ചെത്തിയ മണ്ണിലും വെള്ളത്തിലും നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ രണ്ട് പേർ. ഇവർ ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് എഴുന്നേറ്റ് വരുന്നത് ദുരന്തത്തിന്റെ സി സി ടി വി ദൃശ്യങ്ങളിൽ കാണാം.
മലവെള്ളപ്പാച്ചിലിനൊപ്പം വൻതോതിൽ മണ്ണും കല്ലും കുത്തിയൊലിച്ചു വന്നപ്പോൾ റോഡരികിൽ നിർത്തിയിട്ടിരുന്ന നിർമ്മാണത്തൊഴിലാളികളുടെ ബസും ടാങ്കർ ലോറിയും നിമിഷനേരം കൊണ്ട് ഒലിച്ചുപോകുകയായിരുന്നു. ലോറിക്കടിയിൽ പെട്ടും മലവെള്ളത്തിൽ ഒഴുകിപ്പോയും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് കൂറമ്മാളും ബൽരാജും പറയുന്നു.
‘എസ്റ്റേറ്റിൽ ഇന്ന് ലീവായതിനാൽ ബാങ്ക് ആവശ്യത്തിനായി മേപ്പാടിയിൽ പോകാനാണ് കള്ളാടി ടൗണിൽ എത്തിയത്. സാധാരണ പോകുന്ന വഴിയല്ല ഇത്. ആദ്യം മണ്ണ് വരുന്ന ചെറിയ ശബ്ദമാണ് കേട്ടത്. അപ്പോൾ സംഭവം എന്താണ് എന്ന് അറിയാനായി അങ്ങോട്ട് നോക്കി. അപ്പോഴേക്കും മലവെള്ളം അതിശക്തമായി കുത്തിയൊലിച്ചുവരികയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ലോറിക്കടിയിൽ കുടുങ്ങിയത്. രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാനാവുന്നില്ല’ – ബൽരാജും കുറമ്മാളും പറഞ്ഞു.
പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ബസിലേക്ക് മണ്ണ് കുത്തിയൊലിച്ച് എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനിടയിൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർ ടാങ്കർ ലോറിക്കടിയിൽ പെടുകയായിരുന്നു. ടാങ്കർ ലോറിയുടെ ചക്രങ്ങൾക്കിടയിൽ പെട്ടിട്ടും രണ്ട് പേർ കഷ്ടിച്ചാണ് ജീവനോടെ രക്ഷപ്പെട്ടത്. ഇവരെ കൂടാതെ നീല ഷർട്ട് ധരിച്ച യുവാവ് ഉൾപ്പെടെയുള്ള നാലുപേർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതായും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മലവെള്ളം കുത്തിയൊലിച്ച് വരുന്നത് കണ്ട് അതിവേഗത്തിൽ ഓടിയ യുവാവ് തെന്നിവീണെങ്കിലും വെള്ളത്തിൽ ഒഴുകി മുന്നോട്ടുനീങ്ങി അതിസാഹസികമായി രക്ഷപ്പെടുകയായിരുന്നു.
Also Readകള്ളാടി മണ്ണിടിച്ചിൽ: ടാങ്കർ ലോറിയും ബസും കുത്തിയൊലിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് നാലുപേർ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ദുരന്തത്തിൽ മണ്ണും ചെളിയും കുത്തിയൊലിച്ചുവന്ന ടാങ്കർ ലോറിക്കടിയിൽ പെട്ടവരും അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. കള്ളാടിയിലെ ഈ മണ്ണിടിച്ചിൽ മേഖലയിൽ ഏഴുപേർ മണ്ണിനടിയിലുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇവർ കമ്പനി ജീവനക്കാരാണെന്നാണ് കരുതുന്നത്. സംഭവസ്ഥലത്ത് എൻ ഡി ആർ എഫ് (NDRF) സംഘവും ജില്ലാ ഭരണകൂടവും ചേർന്നുള്ള രക്ഷാപ്രവർത്തനം സജീവമായി നടത്തുന്നുണ്ട്. കിടാവർ നായകളെ (Cadaver Dogs) ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനകളും പുരോഗമിക്കുകയാണ്.





