സ്കൂളിൽ പോകാൻ കാത്തുനിന്ന ആ ‘ടെമ്പോ വാൻ’ എവിടെപ്പോയി?
രാവിലെ സ്കൂളിൽ പോകാൻ വീടിന്റെ മുറ്റത്ത് ബാഗും തൂക്കി നിൽക്കുകയാണ്. ദൂരെനിന്ന് ഒരു പ്രത്യേക ശബ്ദം കേൾക്കാം… ‘കടകടകടകട…’ പിന്നാലെ ഒരു നീണ്ട ഹോൺ. സംഗതി പിടികിട്ടി, നമ്മുടെ ടെമ്പോ വാൻ വരുന്നു! വണ്ടി വീടിനു മുന്നിലെത്തുമ്പോഴേക്കും അകത്തുനിന്ന് കൂട്ടുകാരുടെ വിളി തുടങ്ങും. ‘വേഗം കയറെടാ… സീറ്റില്ല!’വണ്ടിക്കുള്ളിൽ കയറിയാലോ, സീറ്റ് കിട്ടിയാൽ ഭാഗ്യം. ബാഗ് മടിയിലും കുട കൈയിലും വെച്ച് എങ്ങനെയെങ്കിലും ഒതുങ്ങിയിരുന്ന് യാത്ര ചെയ്ത പഴയ ജൂൺ മാസത്തിലെ മഴക്കാല സ്കൂൾ യാത്ര, ഓർക്കുമ്പോൾ തന്നെ നൊസ്റ്റാൾജിയയുടെ ഒരായിരം കടലിരമ്പും മനസ്സിൽ. റോഡിലെ ഓരോ കുഴിയിലും വണ്ടി ചാടുമ്പോൾ കൂടെയിരിക്കുന്ന കൂട്ടുകാരന്റെ ദേഹത്തേക്ക് വീഴുന്നതും അതിന്റെ പേരിൽ പൊട്ടിച്ചിരിക്കുന്നതുമെല്ലാം അന്നത്തെ പതിവ് കാഴ്ചകൾ. അതെ, അക്കാലത്ത് സ്കൂൾ യാത്രകളിലെ പ്രധാന താരം ടെമ്പോ വാനായിരുന്നു. ശരിക്കും പറഞ്ഞാൽ ടെമ്പോ മാറ്റഡോർ! 80-കളിലും 90-കളിലും 2000-ത്തിന്റെ തുടക്കത്തിലും കുട്ടിക്കാലം ചെലവഴിച്ചവർക്ക് അതൊരു കാലഘട്ടത്തിന്റെ ഓർമയാണ്.നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിന്ന ആ നീണ്ട ചതുരവണ്ടി ഇന്ന് എവിടെയും കാണാനില്ല. എന്തായിരുന്നു ഈ ടെമ്പോ മാറ്റഡോർ? എവിടെനിന്നാണ് ഇതിന്റെ വരവ്? മലയാളിയുടെ ഓർമകളിൽ ഇത്രയധികം ഇടം നേടാൻ ഈ വണ്ടിക്ക് എങ്ങനെ കഴിഞ്ഞു?നീണ്ട ബോക്സി ലുക്ക്, കാണാനൊന്നും വെല്യ മെനയില്ല!ഓർമയുണ്ടോ, നമ്മൾ ആദ്യമായി ചിത്രം വരയ്ക്കാൻ പഠിച്ച കാലം? ആദ്യം ഒരു മേഘം, പിന്നെ സൂര്യൻ, ഇരുവശത്തും ഓരോ മരങ്ങൾ. നടുവിൽ രണ്ട് ജനലും ഒരു വാതിലുമുള്ള ഒരു വീട്. വീടിന്റെ മുറ്റത്തുകൂടി ഒരു റോഡും വരയ്ക്കും. അതിലൂടെ പോകാൻ ഒരു വാഹനവും വേണമല്ലോ! എങ്ങനെ വരയ്ക്കും? നീളത്തിലൊരു പെട്ടി വരയ്ക്കുക, താഴെ രണ്ട് വട്ടം വരയ്ക്കുക, അതായത് ടയർ.വശങ്ങളിൽ കുറച്ച് ജനലുകളും കോറിയിടും. പടം റെഡി! അധികം ഡിസൈൻ പണികളൊന്നുമില്ലാതെ വരച്ചുതീർക്കാവുന്ന ആ വണ്ടിക്ക് ടെമ്പോ വാനിന്റെ രൂപവുമായി നല്ല സാമ്യമുണ്ടായിരുന്നു. അന്നത്തെ കുട്ടികളുടെ ചിത്രങ്ങളിൽ സ്ഥിരം ഇടംപിടിച്ചിരുന്ന വാഹനമായിരുന്നു ഈ ടെമ്പോ മാറ്റഡോർ! ടെമ്പോ വാനിലെ സ്കൂൾ യാത്രകൾ ചിലപ്പോഴൊക്കെ വല്ലാതെ മടുപ്പിക്കുന്നതായിരുന്നു. ഇടുങ്ങിയ രൂപമായിരുന്നതിനാലാകാം വല്ലാത്തൊരു ഒറ്റപ്പെടൽ തോന്നിയിരുന്നു.ആദ്യം കയറിയാൽ ഇഷ്ടമുള്ള സീറ്റ് സ്വന്തമാക്കാം. ഏറ്റവും പുറകിലെ സീറ്റ് കിട്ടിയാൽ പിന്നെ പറയുകയും വേണ്ട! ആദ്യമൊക്കെ കയറിയിരിക്കുമ്പോൾ ശ്വാസം മുട്ടും പോലെ തോന്നുമായിരുന്നു.ചിലപ്പോഴൊക്കെ നിന്നായിരുന്നു യാത്ര.കൂട്ടുകാരുടെ ബാഗുകൾക്കിടയിൽ എങ്ങനെയെങ്കിലും ഇരിക്കാൻ ഇടം കണ്ടെത്തൽ വെല്ലുവിളി നിറഞ്ഞതും മടുപ്പിക്കുന്നതുമായിരുന്നു ചിലപ്പോഴൊക്കെ. ചിലപ്പോൾ ഒരാൾ ഇരിക്കേണ്ടിടത്ത് രണ്ടും മൂന്നും പേർ. കയറിക്കഴിഞ്ഞാൽ നമ്മൾ ഇരുന്നോ, പിടിച്ചാണോ നിൽക്കുന്നത് എന്നൊന്നും ഡ്രൈവർ നോക്കില്ല. ഒരൊറ്റ മുന്നോട്ടെടുക്കലാണ്,മൂക്കും കുത്തി വീഴാതെ രക്ഷപ്പെട്ട എത്രയെത്ര അനുഭവം, അപ്പോഴേക്കും പിന്നിൽനിന്ന് ആരെങ്കിലും വിളിക്കും, ‘ചേട്ടാ, ഒന്ന് പതുക്കെ!’ അടുത്ത കുഴിയിൽ വണ്ടി ചാടുമ്പോൾ ആ പരാതിയും ചിരിയിൽ മുങ്ങും.അന്ന് ടെമ്പോ വാനിൽ യാത്ര ചെയ്തവർക്ക് അതിന്റെ എൻജിൻ ശബ്ദവും വണ്ടിക്കുള്ളിലെ ചെറിയ വിറയലും ഇന്നും പരിചിതമായിരിക്കും. ജനലിലൂടെ മുഖത്തേക്ക് അടിക്കുന്ന കാറ്റും വഴിയരികിലെ കാഴ്ചകളും കൂട്ടുകാരുടെ ബഹളവുമെല്ലാം ചേർന്നായിരുന്നു ആ യാത്രകൾ. ആംബുലൻസായും ടൂറിസ്റ്റ് വാനായും ഒരേ താരം!ടെമ്പോ മാറ്റഡോർ സ്കൂൾ കുട്ടികളുടെ മാത്രം സ്വന്തമായിരുന്നില്ല. അക്കാലത്ത് ആശുപത്രികളിലെ ആംബുലൻസുകളായും ഈ വണ്ടികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. വെള്ള നിറത്തിലുള്ള മാറ്റഡോറിന്റെ മുകളിൽ ചുവന്ന ലൈറ്റും സൈറണും ഘടിപ്പിച്ച രൂപം പലരുടെയും ഓർമയിലുണ്ടാകും. കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും ടെമ്പോ വാൻ തന്നെയായിരുന്നു പലരുടെയും ആശ്രയംജർമനിയിൽ ജനിച്ച് കേരളത്തിന്റെ ‘സ്വന്തമായ’ മാറ്റഡോർ! ടെമ്പോ മാറ്റഡോർ ഒരു ഇന്ത്യൻ വാഹനമാണെന്നാണ് മിക്കവരും കരുതിയിരുന്നത്. സേർച്ച് ചെയ്യാൻ ഗൂഗിളോ ഇന്റർനെറ്റോ സംശയം തീർക്കാൻ പറ്റിയ ‘വണ്ടിപ്രേമി’കളോ ഇല്ലാതിരുന്ന കാലമായതിനാൽ പ്രത്യേകിച്ചും. ഇതിന്റെ കഥ തുടങ്ങുന്നത് ഇന്ത്യയിലല്ല, ജർമനിയിലാണെന്ന് പിന്നീടാണ് അറിയുന്നത്.ജർമനിയിലെ ഹാംബർഗ് ആസ്ഥാനമായിരുന്ന വിദാൽ ആൻഡ് സോൺ ടെമ്പോ വർക്സ് ആണ് മാറ്റഡോർ എന്ന വാഹനത്തെ വികസിപ്പിച്ചത്. ടെമ്പോ എന്നത് ബ്രാൻഡിന്റെ പേരും മാറ്റഡോർ എന്നത് വാഹനത്തിന്റെ മോഡൽ പേരുമാണ് എന്നൊന്നും അന്ന് അറിയില്ലായിരുന്നു. 1949-ലാണ് ജർമനിയിൽ മാറ്റഡോർ അവതരിപ്പിച്ചത്. പിന്നീട് ഹാനോമാഗ് കമ്പനിയുമായുള്ള ബന്ധവും ഈ വാഹനത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി.ഇന്ത്യയിലേക്ക് ടെമ്പോ വാഹനങ്ങൾ എത്തിയത് ജർമൻ കമ്പനിയും ബജാജ് ഗ്രൂപ്പും തമ്മിലുള്ള സഹകരണത്തിലൂടെയാണ്. 1958-ൽ ബജാജ് ടെമ്പോ എന്ന സംയുക്ത സംരംഭം രൂപംകൊണ്ടു. പിന്നീട് ഇന്ത്യയിൽ മാറ്റഡോർ ഉൾപ്പെടെ വാണിജ്യ വാഹനങ്ങളുടെ നിർമാണവും ആരംഭിച്ചു.മഹാരാഷ്ട്രയിലെ പൂനെയിലെ വ്യവസായ മേഖലയിലായിരുന്നു ഇന്ത്യൻ ടെമ്പോ വാഹനങ്ങളുടെ നിർമാണം. പിന്നീട് ഈ കമ്പനി ഫോഴ്സ് മോട്ടോഴ്സ് എന്ന പേരിൽ അറിയപ്പെട്ടു. അങ്ങനെ ജർമനിയിൽ പിറന്നൊരു വാഹനം ഇന്ത്യൻ നിരത്തുകളിലും മലയാളിയുടെ ജീവിതത്തിലും സ്വന്തം ഇടം കണ്ടെത്തി.വലിയ രൂപം, ഡീസൽ കരുത്ത്; മാറ്റഡോറിന്റെ പ്രത്യേകത എന്തായിരുന്നു? ആ വലിയ ചതുരാകൃതിയിലുള്ള രൂപം തന്നെയായിരുന്നു മാറ്റഡോറിന്റെ പ്രധാന തിരിച്ചറിയൽ. ഉയർന്ന ബോഡി, വിശാലമായ വിൻഡ്ഷീൽഡ്, വലിയ ക്യാബിൻ, ഉപയോഗത്തിനനുസരിച്ച് മാറ്റാവുന്ന ഉൾഭാഗം എന്നിവ അതിനെ വ്യത്യസ്തമാക്കി.യാത്രക്കാരെ കൊണ്ടുപോകാനും ചരക്കുകൾ കയറ്റാനും ആംബുലൻസായി മാറ്റിയെടുക്കാനുമെല്ലാം കഴിയുന്ന ഉപയോഗക്ഷമതയായിരുന്നു ഇതിന്റെ വലിയ പ്രത്യേകത. ഡീസൽ എൻജിന്റെ കരുത്തും വാണിജ്യ ആവശ്യങ്ങൾക്ക് അനുയോജ്യമായ രൂപകൽപ്പനയും വാഹനത്തെ ജനപ്രിയമാക്കി.കാലത്തിനനുസരിച്ച് മാറ്റഡോറിന്റെ എൻജിനിലും മോഡലുകളിലും മാറ്റങ്ങൾ വന്നിരുന്നു. മെഴ്സിഡസ് ബെൻസ് സാങ്കേതികവിദ്യയുമായുള്ള ബന്ധവും ടെമ്പോ വാഹനങ്ങളുടെ ചരിത്രത്തിലെ പ്രധാന ഭാഗമാണ്. മാറ്റഡോറിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് ഫ്രണ്ട് എൻജിൻ, ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനമായിരുന്നു. അതായത് എൻജിൻ മുൻഭാഗത്തും മുൻചക്രങ്ങളിലൂടെയുമായിരുന്നു വാഹനത്തിന് കരുത്ത് ലഭിച്ചിരുന്നത്. അക്കാലത്തെ വാണിജ്യ വാഹനങ്ങളിൽ അത്ര സാധാരണമല്ലാതിരുന്ന ഈ സംവിധാനം മാറ്റഡോറിനെ വേറിട്ടുനിർത്തി. F305, F307, R307 എന്നിങ്ങനെ വ്യത്യസ്ത മോഡലുകളും മാറ്റഡോർ നിരയിലുണ്ടായിരുന്നു. F305 ആദ്യകാലത്തെ പ്രധാന മോഡലുകളിലൊന്നായിരുന്നു. പിന്നീട് കൂടുതൽ കരുത്തുള്ള OM616 എൻജിനുമായി എത്തിയ F307 ശ്രദ്ധ നേടി. R307-ൽ റിയർ വീൽ ഡ്രൈവ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. എ.സി ഇല്ല, ടച്ച് സ്ക്രീനില്ല, പവർ വിൻഡോയില്ല, വലിയ ആഡംബരങ്ങളൊന്നുമില്ല. ജനലിലൂടെ വരുന്ന കാറ്റും ഡീസൽ എൻജിന്റെ താളത്തിലുള്ള ശബ്ദവുമായിരുന്നു അന്നത്തെ യാത്രയുടെ പശ്ചാത്തല സംഗീതം! ഡ്രൈവർക്ക് മുന്നിൽ ലളിതമായ ഡാഷ്ബോർഡ്, കൈകൊണ്ട് മാറ്റേണ്ട ഗിയർ, വലിയ സ്റ്റിയറിങ് വീൽ. F305 പോലുള്ള പതിപ്പുകളിൽ നാല് സ്പീഡ് മാനുവൽ ഗിയർബോക്സുമുണ്ടായിരുന്നു.മോഡലുകൾക്കനുസരിച്ച് വ്യത്യാസമുണ്ടായിരുന്നെങ്കിലും പത്തോളം പേർക്ക് യാത്ര ചെയ്യാവുന്ന വാനുകൾ അക്കാലത്ത് ജനപ്രിയമായിരുന്നു. നീണ്ട വീൽബേസുള്ള പതിപ്പുകളിൽ അതിലും കൂടുതൽ സീറ്റുണ്ടായിരുന്നു.1981ലെ പാർലമെന്റ് രേഖയിൽ ടെമ്പോ വാനിന്റെ എക്സ്-ഫാക്ടറി വില 30,755 രൂപയാണ്. 1986ലെ സർക്കാർ വാഹനരേഖയിൽ 16 സീറ്റുള്ള മാറ്റഡോർ F307-ന്റെ വില 1.09 ലക്ഷം രൂപയായും കാണാം.’മിഥുനം’ മുതൽ ‘ആട്’ വരെ; സിനിമയിലും താരം!മലയാള സിനിമയിലും ടെമ്പോ മാറ്റഡോർ അതിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ‘മിഥുനം’ ഓർക്കുമ്പോൾ സേതുമാധവന്റെ ബിസിനസ് സ്വപ്നങ്ങൾക്കൊപ്പം ഓടിനടന്ന ‘ദാക്ഷായണി’എന്നുപേരിട്ട പഴയ വാനും ഓർമയിലെത്തും. സ്റ്റാർട്ടിങ് പ്രശ്നങ്ങളും വണ്ടിയുമായുള്ള നെട്ടോട്ടവുമെല്ലാം സിനിമയിലെ രസകരമായ രംഗങ്ങളായിരുന്നു.പിന്നീട് പുതിയ തലമുറയ്ക്കിടയിലും മാറ്റഡോറിന് ആരാധകരെ നേടിക്കൊടുത്തത് ‘ആട്’ സിനിമയാണ്. ഷാജി പാപ്പന്റെയും സംഘത്തിന്റെയും തല്ലിപ്പൊളിയായ, മുമ്പിലെ ചില്ല് പോലുമില്ലാത്ത ആ വാൻ കണ്ടാൽ തന്നെ ചിരിപൊട്ടും. ‘ഉസ്താദ് ഹോട്ടൽ’, ‘ഇടുക്കി ഗോൾഡ്’, ‘കൂടെ’ ഉൾപ്പടെ നിരവധി മറ്റു സിനിമകളിലും ഇതിന് സമാനമായ പഴയ വാനുകൾ ഇടംപിടിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ജനപ്രീതി നേടിയതും മറക്കാനാകാത്തതും മിഥുനം, ആട് സിനിമകളിലെ വാനുകളാണ് എന്നതിൽ തർക്കമുള്ളവർ കാണുമോ എന്നറിയില്ല.പൊതുപേരായി മാറിയ ടെമ്പോ ‘ടെമ്പോ’ എന്ന പേര് വാഹനത്തിന്റെ പൊതുപേരായി മാറിയതാണ് ചരിത്രം.വിക്സ് എന്ന പേര് ജലദോഷത്തിനുള്ള ബാമിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതുപോലെ, പശയ്ക്ക് ഫെവിക്കോൾ എന്ന് പറയും പോലെ, വഴിയിൽ കാണുന്ന ഈ ഷേപ്പുള്ള നീളൻ വണ്ടികളെല്ലാം മലയാളിക്ക് ടെമ്പോ വാനായിരുന്നു. ജർമൻ കമ്പനിയുടെ പേരായ ടെമ്പോ ഇന്ത്യയിൽ ഇത്രത്തോളം ജനപ്രിയമാകുമെന്ന് അവർ പോലും കരുതിയിട്ടുണ്ടാകില്ല. ചെറിയ ചരക്കുവാഹനങ്ങളെ ഇപ്പോഴും ടെമ്പോ എന്ന് വിളിക്കുന്നവരുണ്ട്. ഇന്ത്യയിലെ ആദ്യ ഡീസൽ ലൈറ്റ് കൊമേഴ്സ്യൽ വാഹനമെന്ന ചരിത്രനേട്ടവും ഈ മോഡലിനുണ്ട്.യാത്രാവാൻ, ആംബുലൻസ്, ചരക്കുവാഹനം, മിനി ബസ്, പിക്കപ്പ് തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിൽ ഒരുക്കാൻ കഴിഞ്ഞ അപൂർവജനുസ്സ്. ആവശ്യത്തിനനുസരിച്ച് ഉപയോഗം മാറ്റാമെന്നതായിരുന്നു മാറ്റഡോറിന്റെ വലിയ പ്രത്യേകത.എന്തുകൊണ്ടാണ് ടെമ്പോ മാറ്റഡോർ നിരത്തുകളിൽനിന്ന് അപ്രത്യക്ഷമായത്?കാലം മാറിയപ്പോൾ വാഹനങ്ങളുടെ ആവശ്യങ്ങളും മാറി. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും നൽകുന്ന പുതിയ വാനുകൾ വിപണിയിലെത്തി. ചരക്കുനീക്കത്തിന് കൂടുതൽ അനുയോജ്യമായ വാഹനങ്ങളും സജീവമായി. മലിനീകരണ നിയന്ത്രണ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ കർശനമായി.ഇതിനിടെ ഫോഴ്സ് മോട്ടോഴ്സ് ട്രാവലർ പോലുള്ള ആധുനിക വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പഴയ മാറ്റഡോറിന്റെ വിപണി പതുക്കെ കുറഞ്ഞു. പുതിയ വാഹനങ്ങളോട് മത്സരിക്കേണ്ട സാഹചര്യവും സാങ്കേതിക മാറ്റങ്ങളും ചേർന്നതോടെ മാറ്റഡോറിന്റെ കാലം അവസാനിച്ചു.ഒരിക്കൽ നമ്മുടെ നാട്ടിലെ മിക്കവാറും എല്ലാ ആവശ്യങ്ങൾക്കും ഓടിനടന്നിരുന്ന ആ വണ്ടി ഇന്ന് റോഡുകളിൽ അപൂർവ കാഴ്ചയായി മാറി.വെറും വണ്ടിയല്ല, ഒരു തലമുറയുടെ കുട്ടിക്കാലം! ഇന്ന് സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് എസി ബസുകളും സൗകര്യപ്രദമായ യാത്രകളുമുണ്ട്. ആശുപത്രികളിൽ ആധുനിക ആംബുലൻസുകളെത്തി. കുടുംബയാത്രകൾക്ക് പുതിയ ട്രാവലറുകളും കാറുകളുമുണ്ട്. എന്നാൽ പഴയ തലമുറയ്ക്ക് ഇതിനെല്ലാം മുമ്പുണ്ടായിരുന്ന കൂട്ടുകാരനായിരുന്നു ടെമ്പോ വാൻ!സ്കൂളിലെത്തിച്ചും കുടുംബത്തോടൊപ്പം നാടുചുറ്റിച്ചും ആവശ്യക്കാരുടെ കൈത്താങ്ങായും നടന്ന ടെമ്പോ വാൻ ഒടുവിൽ അതിന്റെ തിരക്കുപിടിച്ച ഓട്ടങ്ങളെല്ലാം അവസാനിപ്പിച്ചു. കെട്ടിയാടിയ വേഷങ്ങളെല്ലാം അഴിച്ചുവെച്ച്, ആരോടും യാത്രപോലും പറയാതെ ഒരു സുപ്രഭാതത്തിൽ നമ്മുടെ നിരത്തുകളിൽനിന്ന് പതുക്കെ മാഞ്ഞുപോയ ഒരാൾ. അതിന്റെ വരവും പോക്കും കാത്തിരുന്നവരും, അതിനുള്ളിൽ യാത്ര ചെയ്തവരും, ഒരിക്കൽ അതിനെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയവരുമെല്ലാം കാലം മാറിയതോടെ മറ്റു വാഹനങ്ങളിലേക്ക് ചേക്കേറി. എപ്പോഴാണ് ആ പഴയ ടെമ്പോ വാൻ അവസാനമായി കണ്ടതെന്ന് പോലും പലർക്കും ഓർമയുണ്ടാകില്ല.പക്ഷേ, ഓർമകൾക്ക് അങ്ങനെയൊരു പ്രശ്നമുണ്ട്. മറക്കാൻ ആഗ്രഹിക്കാത്ത പലതിനെയും അവ കാലം കഴിഞ്ഞിട്ടും മനസ്സിൽ സൂക്ഷിച്ചുവെക്കും. വർഷങ്ങൾക്കുശേഷം എവിടെയെങ്കിലും ആ പഴയ ചതുരവണ്ടിയുടെ ചിത്രം കണ്ടാലോ, പരിചിതമായൊരു ശബ്ദം കേട്ടാലോ, നമ്മൾ അറിയാതെ പഴയ സ്കൂൾക്കാലത്തേക്ക് മടങ്ങിപ്പോകും. വീടിന്റെ ഉമ്മറത്ത് ബാഗും തൂക്കി ടെമ്പോ വാനിനായി കാത്തുനിന്ന ആ കുട്ടിയിലേക്ക്…ഓർമകളിൽ ആ ടെമ്പോ വാൻ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. ചില യാത്രകൾക്ക് അവസാനമുണ്ടാകാം; പക്ഷേ ചില വാഹനങ്ങൾ നമ്മളിൽ ബാക്കിവെച്ച ഓർമകൾക്ക് ഒരിക്കലും അവസാനമില്ല!





