കാസർഗോഡ് പ്രളയത്തിലും കടലാക്രമണത്തിലും വ്യാപക നാശനഷ്ടം; തൂക്കുപാലം ഒലിച്ചുപോയി, വീടുകളിൽ വെള്ളം കയറി

കാസർഗോഡ് | കനത്ത മഴയിലും കടലാക്രമണത്തിലും കാസർഗോഡ് ജില്ലയിൽ വ്യാപക നാശനഷ്ടം. ഉപ്പള ശാരദ നഗർ കടപ്പുറത്ത് ശക്തമായ കടൽക്ഷോഭത്തിൽ ഒരു വീട് തകരുകയും മൂന്ന് വീടുകൾ തകർച്ചാ ഭീഷണിയിലാകുകയും ചെയ്തു. ഇതിനു പുറമെ തീരദേശത്തെ നിരവധി തെങ്ങുകളും കടലെടുത്തു. അശാസ്ത്രീയമായ പുലിമുട്ട് നിർമാണമാണ് പ്രദേശത്തെ രൂക്ഷമായ കടലാക്രമണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അതേസമയം, കാര്യങ്കോട് തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നീലേശ്വരം, പോടോംതുരുത്തി, പാലായി, മൈച്ച തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കനത്ത മലവെള്ളപ്പാച്ചിലിൽ അച്ചാംതുരുത്തിയിലെ നടപ്പാലവും കാസർഗോഡ്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ചെമ്മരംകയം-മുണ്ടർക്കാനം തൂക്കുപാലവും ഒലിച്ചുപോയി. കർണാടക ഉൾവനത്തിലുണ്ടായ ഉരുൾപൊട്ടലാണ് പ്രളയത്തിന് ഇടയാക്കിയത്.

പ്രളയസാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 37 കുടുംബങ്ങളിലായി 186 പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button