ഈ ലോകകപ്പിൽ മെസ്സിയും റൊണാൾഡോയും ഏറ്റുമുട്ടാനുള്ള സാധ്യതകൾ ഇങ്ങനെയാണ്
ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചർച്ചാവിഷയമാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം. ലോകകപ്പിന്റെ ഓരോ പതിപ്പിലും ആരാധകർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്ന് ഇവർ തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ്. എന്നാൽ ഇത്തവണത്തെ ലോകകപ്പിന്റെ ഫിക്സ്ചർ പുറത്തുവന്നപ്പോൾ മുതൽ, ഈ രണ്ട് ഇതിഹാസങ്ങൾ എപ്പോൾ ഏറ്റുമുട്ടും എന്ന ചോദ്യം ഫുട്ബോൾ ലോകത്ത് സജീവമായി ഉയർന്നിരുന്നു. എന്നാൽ ടൂർണമെന്റിന്റെ നോക്കൗട്ട് ഫിക്‌സ്ചറുകൾ പരിശോധിക്കുമ്പോൾ, ലോകകപ്പ് ഫൈനലിന് മുൻപ് ഇരുവരും ഏറ്റുമുട്ടാനുള്ള യാതൊരു സാധ്യതയുമില്ല എന്നതാണ് യാഥാർഥ്യം. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരഫലങ്ങളാണ് ഇരു ടീമുകളെയും നോക്കൗട്ട് ഘട്ടത്തിൽ തികച്ചും വ്യത്യസ്ത പാതയിലാക്കിയത്. കൊളംബിയയുമായുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ പോർച്ചുഗൽ ‘ഗ്രൂപ്പ് കെ’യിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ റൗണ്ട് ഓഫ് 32ൽ അവർക്ക് ക്രൊയേഷ്യയെ നേരിടേണ്ടി വരും. മറുവശത്ത്, ‘ഗ്രൂപ്പ് ജെ’യിലെ ചാമ്പ്യന്മാരായാണ് അർജന്റീന നോക്കൗട്ടിലേക്ക് കടന്നത്. ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത കേപ് വെർദെ ആണ് ആദ്യ നോക്കൗട്ട് മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.എന്തുകൊണ്ട് ഫൈനലിൽ മാത്രം?പോർച്ചുഗലും അർജന്റീനയും ഇനി തങ്ങളുടെ എല്ലാ മത്സരങ്ങളും വിജയിച്ച് മുന്നേറിയാലും ഫൈനലിൽ മാത്രമേ ഇരുവരും നേർക്കുനേർ വരികയുള്ളൂ.പോർച്ചുഗലിന്റെ വഴി: റൗണ്ട് ഓഫ് 32ൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാൽ, പ്രീക്വാർട്ടറിൽ സ്പെയിനും ഗ്രൂപ്പ് ജെയിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും പോർച്ചുഗൽ നേരിടുക. ഈ വഴിയിലൂടെ മുന്നേറുന്ന പോർച്ചുഗൽ ടൂർണമെന്റിലെ ആദ്യ സെമിഫൈനലിലാകും കളിക്കുക.അർജന്റീനയുടെ വഴി: കേപ് വെർദെയെ തോൽപ്പിച്ചാൽ അർജന്റീന പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയും ഈജിപ്തും തമ്മിലുള്ള മത്സരത്തിലെ വിജയികളെ നേരിടും. അവരുടെ നോക്കൗട്ട് മത്സരം ചെന്നെത്തുന്നത് ടൂർണമെന്റിലെ രണ്ടാമത്തെ സെമിഫൈനലിലേക്കാണ്. ചുരുക്കത്തിൽ, ഇരു ടീമുകളുടെയും പാതകൾ വ്യത്യസ്ത സെമിഫൈനലുകളിലേക്കാണ് നീളുന്നത് എന്നതിനാൽ ഫൈനലിന് മുൻപ് ഒരു മെസ്സി – റൊണാൾഡോ പോരാട്ടം അസാധ്യമാണ്.മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ-ഓഫ് സാധ്യതഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടുന്നതാണ് ആരാധകർ സ്വപ്നം കാണുന്നതെങ്കിലും, സാങ്കേതികമായി മറ്റൊരു സാധ്യത കൂടി ഫിക്‌സ്ചറിൽ അവശേഷിക്കുന്നുണ്ട്. അർജന്റീനയും പോർച്ചുഗലും തങ്ങളുടെ സെമിഫൈനൽ മത്സരങ്ങൾ വരെ എത്തുകയും, അവിടെ പരാജയപ്പെടുകയും ചെയ്യുകയാണെങ്കിൽ, മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പ്ലേ-ഓഫ് മത്സരത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയേക്കാം. കിരീടപ്പോരാട്ടം അല്ലെങ്കിൽ പോലും അതൊരു ചരിത്ര മത്സരമായിരിക്കും. എങ്കിലും, ലോകകപ്പ് കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന മെസ്സിയും റൊണാൾഡോയും കലാശപ്പോരാട്ടത്തിൽ തന്നെ ഏറ്റുമുട്ടുമെന്ന വലിയ പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ.





