പാകം ചെയ്യും മുമ്പ് ചിക്കൻ കഴുകണോ? ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും!
നമ്മുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കോഴിയിറച്ചി അഥവാ ചിക്കൻ വിഭവങ്ങൾ. ചിക്കൻ വാങ്ങി കൊണ്ടുവന്നാൽ പാകം ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കുക എന്നത് നമ്മളിൽ ഭൂരിഭാഗം പേരുടെയും ഒരു സ്ഥിരം ശീലമാണ്. ബാക്ടീരിയകളെയും മറ്റ് മാലിന്യങ്ങളെയും നീക്കം ചെയ്യുക, പച്ചക്കോഴിയിറച്ചിയുടെ ദുർഗന്ധം ഇല്ലാതാക്കുക, വ്യക്തിപരമായ ശുചിത്വം ഉറപ്പാക്കുക, രക്തവും തൂവലുകളും കളയുക എന്നിവയാണ് ഈ ശീലത്തിന് പിന്നിൽ പൊതുവായി ആളുകൾ പറയുന്ന കാരണങ്ങൾ. എന്നാൽ, നമ്മൾ വളരെ സുരക്ഷിതമെന്ന് കരുതുന്ന ഈ രീതി യഥാർഥത്തിൽ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴുകുമ്പോൾ സംഭവിക്കുന്നത് എന്ത്? ബാക്ടീരിയകൾ നശിക്കില്ല: കോഴിയിറച്ചിയിൽ അടങ്ങിയിരിക്കുന്ന സാൽമൊണെല്ല, കാമ്പിലോബാക്ടർ പോലുള്ള മാരക ബാക്ടീരിയകളെ നീക്കം ചെയ്യാനുള്ള ഫലപ്രദമായ മാർഗം അത് വെള്ളത്തിൽ കഴുകലല്ല; മറിച്ച് ശരിയായ താപനിലയിൽ കൃത്യമായി പാചകം ചെയ്യുക എന്നത് മാത്രമാണ് മലിനീകരണം (Cross-Contamination): ഇറച്ചി ശക്തിയായി കഴുകുമ്പോൾ അതിലെ ബാക്ടീരിയകൾ അടങ്ങിയ വെള്ളം തെറിച്ച് അടുക്കളയിലെ പ്രതലങ്ങളിലേക്കും, പാത്രങ്ങളിലേക്കും, സമീപത്തിരിക്കുന്ന മറ്റ് ഭക്ഷണപദാർഥങ്ങളിലേക്കും പടരുന്നു. ഇത് അടുക്കളയിലാകെ രോഗാണുക്കൾ വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു മാലിന്യങ്ങൾ കളയുമ്പോൾ ശ്രദ്ധിക്കുക: കോഴിയിറച്ചി കഴുകുന്നതിലൂടെ രക്തം, തൂവൽ തുടങ്ങിയ ദൃശ്യമായ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞേക്കാം. പക്ഷേ, ഈ പ്രക്രിയയിലൂടെ ബാക്ടീരിയകൾ അടുക്കളയിൽ പടരാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ ഇത് വലിയ ദോഷമാണ് വരുത്തിവെക്കുന്നത് ചിക്കൻ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? പാചകത്തിന് മുമ്പും ശേഷവും കോഴിയിറച്ചി കൈകാര്യം ചെയ്യുമ്പോൾ രോഗാണുബാധ ഉണ്ടാകാതിരിക്കാൻ താഴെ പറയുന്ന സുപ്രധാന മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്: കൈകൾ വൃത്തിയാക്കുക: കോഴിയിറച്ചി കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും ബാക്ടീരിയകൾ പടരാതിരിക്കാൻ സോപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകി വൃത്തിയാക്കു). പാത്രങ്ങളും കട്ടിങ് ബോർഡുകളും കഴുകുക: ചിക്കൻ മുറിക്കാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡുകൾ, കത്തികൾ, മറ്റ് പാത്രങ്ങൾ എന്നിവ ചൂടുള്ള സോപ്പ് വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കണം. ഇതിലൂടെ പാചകത്തിന് സുരക്ഷിതമായ ഒരു അന്തരീക്ഷം ഉറപ്പാക്കാം കഴുകുന്നത് പരമാവധി കുറയ്ക്കുക: ക്രോസ്-മലിനീകരണത്തിനുള്ള സാധ്യത വളരെ ഉയർന്നതായതിനാൽ പാചകത്തിന് മുമ്പ് ചിക്കൻ കഴുകുന്ന രീതി പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക സൂക്ഷിക്കുന്ന രീതി: അസംസ്‌കൃതമായ ചിക്കൻ സുരക്ഷിതമായി സൂക്ഷിക്കാൻ അതിന്റെ യഥാർഥ പാക്കേജിങ്ങിൽ തന്നെ സൂക്ഷിക്കുക. അല്ലെങ്കിൽ ചോർച്ച തടയാൻ പാകത്തിലുള്ള ഒരു എയർടൈറ്റ് കണ്ടെയ്നറിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കണം





