ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് 178 റൺസ് ലീഡ്; ലങ്ക 284ന് പുറത്ത്; ദിനുഷക്ക് സെഞ്ച്വറി; സുത്താറിന് നാലും ജഡേജക്ക് മൂന്നും വിക്കറ്റ്
ഗാലെ: ശ്രീലങ്കയുടെ മുഴുവൻ വിക്കറ്റുകളും ഒറ്റ പകലിൽ നിലംപതിച്ച ടെസ്റ്റിൽ ഇന്ത്യക്ക് 178 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡ്. സന്ദർശക സ്കോറായ 462 റൺസിന് മറുപടിയായി തിങ്കളാഴ്ച ബാറ്റ് ചെയ്ത ലങ്ക, സ്പിൻ കെണിയിൽ വീണ് 284ന് കൂടാരം കയറി. സോനാൽ ദിനുഷയുടെ (100) സെഞ്ച്വറിയും നിരോഷൻ ഡിക് വെല്ലയുടെ (80) അർധ സെഞ്ച്വറിയുമില്ലായിരുന്നെങ്കിൽ ദയനീയമായേനെ ആതിഥേയരുടെ പ്രകടനം. സ്പിന്നർമാരായ മാനവ് സുത്താർ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി. മഴമൂലം മൂന്നാംദിനം നേരത്തേ സ്റ്റമ്പെടുത്തതിനാൽ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സ് തുടങ്ങാനായിട്ടില്ല.ഒമ്പത് വിക്കറ്റിന് 460ൽ രാവിലെ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച സന്ദർശകർക്ക് രണ്ട് റൺസ് മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂ. പ്രസിദ്ധ് കൃഷ്ണയെ (2) അസിത ഫെർണാണ്ടോയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഡിക് വെല്ല പിടിച്ചതോടെ ഇന്ത്യ 462ന് ഓൾ ഔട്ട്. 13 റൺസുമായി കുൽദീപ് യാദവ് പുറത്താവാതെനിന്നു. തകർച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. ആദ്യ ഓവറിലെ രണ്ടാം പന്തിൽത്തന്നെ ഓപണർ നിഷാൻ മദുഷ്ക ഫെർണാണ്ടോയെ (0) ദേവ്ദത്ത് പടിക്കലിന്റെ കൈകളിലെത്തിച്ചു പേസർ മുഹമ്മദ് സിറാജ്. അക്കൗണ്ട് തുറക്കും മുമ്പെ വിക്കറ്റ് വീഴ്ച. എട്ടാം ഓവറിലെ ദിനേഷ് ചാണ്ഡിമലിനെ (4) വിക്കറ്റിന് പിറകിലുണ്ടായിരുന്ന ഋഷഭ് പന്ത് കൈകളിലൊതുക്കി. സുത്താറിനായിരുന്നു വിക്കറ്റ്. രണ്ടിന് 27. ഓപണർ ലഹിരു ഉദാര ഇഗലഗമഗെ (27) ആയിരുന്നു അടുത്തത്. യശസ്വി ജയ്സ്വാളിന് ക്യാച്ചും സുത്താറിന് രണ്ടാം വിക്കറ്റും. താമസിയാതെ കമിന്ദു മെൻഡിസും (14) തിരിച്ചുനടന്നു. ഇക്കുറി സ്പിന്നർ കുൽദീപിന്റെയും നായകൻ ശുഭ്മൻ ഗില്ലിന്റെയും ഊഴം. 59ൽ നാലാം വിക്കറ്റ് നിലംപതിച്ച ടീമിനെ കരകയറ്റാൻ ദിനുഷക്കൊപ്പം ചേർന്ന് ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ നടത്തിയ ശ്രമവും ഏശിയില്ല. ഡി സിൽവയെ (21) ജഡേജയുടെ പന്തിൽ കെ.എൽ. രാഹുൽ പിടികൂടി. 90ൽ അഞ്ചാം വിക്കറ്റ് അധികം കഴിയും മുമ്പെ ലഞ്ചിന് പിരിഞ്ഞു. ദിനുഷ- ഡിക് വെല്ല സഖ്യമായിരുന്നു അപ്പോൾ ക്രീസിൽ. ആറാം വിക്കറ്റിൽ ദിനുഷയും ഡിക് വെല്ലയും പൊരുതിയതോടെ ആതിഥേയർ കരകയറി. ഈ സഖ്യത്തിന്റെ 146 റൺസാണ് ഫോളോ ഓണിൽനിന്ന് ലങ്കയെ രക്ഷിച്ചത്. 80 റൺസെടുത്ത ഡിക് വെല്ലയെ പ്രസിദ്ധ് പുറത്താക്കി. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് മറ്റൊരു ക്യാച്ച്. 236ൽ ആറാം വിക്കറ്റ് വീണതോടെ തകർച്ചയും പുനരാരംഭിച്ചു. കെഷാര നുവാന്ത (2) ജഡേജക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. പ്രഭാത് ജയസൂര്യയെ (10) സുത്താറും തിരിച്ചയച്ചു. അവസാന പ്രതീക്ഷയായി ക്രീസിലുണ്ടായിരുന്ന ദിനുഷ കന്നി സെഞ്ച്വറി തികച്ചതിന് പിന്നാലെ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ലങ്ക 300 കടക്കില്ലെന്ന് ഉറപ്പായി. 168 പന്തിൽ 100 റൺസെടുത്ത ദിനുഷയുടെ പോരാട്ടത്തിന് ജദേജയാണ് അന്ത്യമിട്ടത്. സ്കോർ ഒമ്പതിന് 274. പത്ത് റൺസ് കൂടി ചേർത്തപ്പോൾ ലാഹിറു കുമര (10) സുത്താറിന് നാലാം വിക്കറ്റ് നൽകി. ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്യുകയായിരുന്നു. രണ്ട് ദിവസം ബാക്കിനിൽക്കെ മഴ തുടർന്നാൽ ഇന്ത്യയുടെ ജയസാധ്യതകൾ വെള്ളത്തിലാവും.





