ജീവൻ രക്ഷിക്കാൻ അവസാന ശ്രമം നടത്തി’ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ അനുഭവം വിവരിക്കുന്നു

‘

അബൂദബി: ഇസ്രായേലിലേക്കുള്ള ഫ്ലൈദുബൈ വിമാനത്തിന്റെ കോക്പിറ്റിലുണ്ടായ ആക്രമണത്തിനിടെ ജീവൻ പണയംവെച്ച് യാത്രക്കാരെ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെക്കുറിച്ചാണിപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. അപകടത്തിലേക്ക് നിപതിക്കവേ, മച്ചാർ സാഹസികമായി നടത്തിയ ഇടപെടലിലൂടെ രക്ഷിക്കാനായത് 170ഓളം യാത്രികരുടെ ജീവനും ജീവിതവുമായിരുന്നു. ഇതിനിടയിൽ ഗുരുതരമായി പരിക്കേറ്റ മച്ചാർ ഇപ്പോൾ അബൂദബിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഡിയോ കോൺഫറൻസ് വഴി നടത്തിയ സംഭാഷണത്തിൽ നടുക്കുന്ന അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ‘‘ആക്രമണത്തിനിടെ പലതവണ കുത്തേറ്റ ഞാൻ വീണുപോയി. ഇതിനിടെ വിമാനം അതിവേഗം താഴേക്ക് പതിക്കുന്നതായി മനസ്സിലായി. വീണ്ടും എഴുന്നേറ്റ് പ്രവർത്തിച്ചില്ലെങ്കിൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അവസാനശക്തിയും സംഭരിച്ച് കോക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചത്’’-മച്ചാർ പറഞ്ഞു. മച്ചാറിന്റെ ധീരതയെ പ്രശംസിച്ച പ്രധാനമന്ത്രി, വലിയൊരു ദുരന്തം ഒഴിവാക്കാൻ അദ്ദേഹത്തിന്റെ ഇടപെടൽ സഹായിച്ചുവെന്ന് പറഞ്ഞു. രാജ്യത്തിനാകെ അഭിമാനിക്കാവുന്ന പ്രവൃത്തിയാണ് അദ്ദേഹം നടത്തിയതെന്നും മോദി അഭിപ്രായപ്പെട്ടു. ഒമാൻ സ്വദേശിയായ സഹപൈലറ്റ് മച്ചാറിനെ കുത്തിപ്പരിക്കേൽപിച്ചശേഷം വിമാനം കുത്തനെ താഴേക്ക് ഇറക്കിയെന്നാണ് റിപ്പോർട്ട്. ഏകദേശം ഒരു മിനിറ്റിനുള്ളിൽ വിമാനം 17,000 അടിയോളം താഴ്ന്നതായും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം തുടരുന്നതിനിടയിലും മച്ചാറിന് കോക്പിറ്റ് വാതിൽ തുറക്കാനായി. തുടർന്ന് യാത്രക്കാർ അകത്തുകയറി ആക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിലും ഇത് നിർണായകമായി. വിമാനത്തിലുണ്ടായിരുന്ന 170ലേറെ യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ മച്ചാറിന്റെ ഇടപെടൽ നിർണായകമായെന്നാണ് വിലയിരുത്തൽ. 17 വർഷത്തെ വ്യോമയാന പരിചയമാണ് അതിഗുരുതരമായ സാഹചര്യത്തിലും ശരിയായ തീരുമാനമെടുക്കാൻ സഹായിച്ചതെന്ന് മച്ചാർ പറഞ്ഞു. രണ്ടു കുട്ടികളുടെ പിതാവാണ് മച്ചാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button