യുപിഐ, റുപേ കാര്‍ഡ് ഇടപാടുകള്‍ക്ക് ഫീസില്ല; ഉത്തരവുമായി കേന്ദ്രം
ന്യൂഡല്‍ഹി: 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ചുമത്താനാവില്ലെന്ന ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്മെന്റുകള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ഫീസ് ഈടാക്കാനാവില്ല. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. ചെറിയ തുകകളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലൊന്നാണ് യുപിഐ. ചെറിയ തുകകള്‍ പോലും യുപിഐ വഴി അടയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജ് ഒഴിവാക്കുന്നത് ചെറുകിട വ്യാപാരികള്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം,റുപേ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പേയ്മെന്റുകള്‍ക്കും ഫീസ് ഒഴിവാക്കുന്നതിലൂടെ ആഭ്യന്തരമായി വികസിപ്പിച്ച ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ റുപേയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് എത്തിക്കുകയും പണത്തിന്റെ നേരിട്ടുള്ള ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഡിജിറ്റല്‍ പേയ്മെന്റുകള്‍ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പവും ചെലവ് കുറഞ്ഞതുമാക്കാനും തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.




