സ്ത്രീധന പീഡനം; നവവധുവിനെ കുക്കറും ബെൽറ്റും ഉപയോഗിച്ച് ഉപദ്രവിച്ചു, അനുഭവിച്ചത് കടുത്ത മാനസിക-ശാരീരിക പീഡനമെന്ന് യുവതി

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് ക്രൂരമർദനം. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ പുത്തൻതുറ സ്വദേശിനി അഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. നീണ്ടകര സ്വദേശിയായ ഭർത്താവ് നന്ദുവിനും ഇയാളുടെ മാതാപിതാക്കൾക്കുമെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. തുടക്കം മുതൽ സ്ത്രീധനത്തെക്കുറിച്ചു പറഞ്ഞ് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായി പീഡിപ്പിക്കുമായിരുന്നു. പിന്നീട് ഭർത്താവ് ജോലി ചെയ്യുന്ന സൗദി അറേബ്യയിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ശാരീരിക പീഡനം നേരിടുകയും ചെയ്തു. ശരീരമാസകലം മർദനമേറ്റ പാടാണ്. നാട്ടിലെത്തിയാൽ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും അഞ്ജു പറഞ്ഞു. മോശക്കാരിയാക്കുന്ന തരത്തിൽ നിർബന്ധിച്ചു തന്നെക്കൊണ്ട് പലതും പറയിച്ച് റെക്കോഡ് ചെയ്യിച്ച് നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു നൽകിയെന്നും അഞ്ജു പറഞ്ഞു. വിവാഹം കഴിഞ്ഞതു മുതൽ ഫോൺ നമ്പർ മാറ്റി പുതിയത് എടുപ്പിച്ചു. സുഹൃത്തുക്കളോട‌ു സംസാരിക്കുന്നതു വിലക്കി. വാട്സാപ്പും സമൂഹിക മാധ്യമത്തിലെ അക്കൗണ്ടും എല്ലാം പരിശോധിക്കും. വിവാഹം കഴിഞ്ഞ് അയാൾ ജോലിസ്ഥലത്തേക്ക് പോയിട്ട് വിഡിയോകോൾ ചെയ്യുന്ന സമയം മുതൽ സ്ക്രീൻ റെക്കോഡ് ചെയ്യാൻ പറയും. വിവാഹം കഴിഞ്ഞ് ചെന്നപ്പോൾ മുതൽ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു വിഷമിപ്പിക്കും. സഹോദരിക്ക് ഇത്ര സ്ത്രീധനം കൊടുത്തു. എനിക്ക് കിട്ടിയതു കുറഞ്ഞുപോയി എന്നാണു പറയുക. അയാൾക്കു നേരത്തെ ഒരു കാമുകി ഉണ്ടായിരുന്നു. അവരുമായി താരതമ്യപ്പെടുത്തി സംസാരിക്കും. വീട്ടിലേക്ക് പോയ തന്നെ സ്നേഹം നടിച്ച് തിരിച്ചു വിളിച്ചുകൊണ്ടുപോവുകയായിരുന്നു. എന്റെ സർട്ടിഫിക്കറ്റ് ഒന്നും അന്ന് കിട്ടിയിരുന്നില്ല. അതുകൊണ്ട് ജോലിക്ക് പോകാൻ പറ്റില്ലായിരുന്നു. സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ ലൈഫ് എൻജോയ് ചെയ്യാമെന്നു പറഞ്ഞാണ് സൗദിയിലേക്കു കൂടെ കൊണ്ടുപോയത്. സൗദിയിൽ എത്തിയപ്പോൾ മുതലാണ് മർദനം തുടങ്ങുന്നത്. ഫ്ലാറ്റിൽ അയാളും ഞാനും മാത്രമായിരുന്നു. കുക്കർ, ഇടികല്ല്, ചൂല്, മോപ്പ്, ബെൽറ്റ്, ലാപ്ടോപ് ചാർജർ അങ്ങനെ എല്ലാം ഉപയോഗിച്ചു തല്ലി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ശേഷം നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. സൈക്കോയെ പോലെയായിരുന്നു അയാൾ പെരുമാറിയത്. ഉപദ്രവിക്കുന്ന കാര്യമെല്ലാം അയാളുടെ വീട്ടുകാർക്കും അറിയാമെന്നും അഞ്ജു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button