കൊച്ചിയുടെ കൊമ്പൻ വേട്ട; തിരുവനന്തപുരം കൊമ്പൻസിനെ തകർത്ത് ഫോഴ്സ കൊച്ചി രണ്ടാം സ്ഥാനത്തേക്ക്
കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫോഴ്സ കൊച്ചി എഫ്സി. നാലാം റൗണ്ടിലെ ആദ്യ മത്സരത്തിലെ ജയത്തോടെ നാല് കളികളിൽ നിന്ന് എട്ട് പോയന്റുമായി ഫോഴ്സ കൊച്ചി ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഇരുപകുതികളിലായി രാഘവ് ഗുപ്ത, രാഹുൽ രാജു, ഹർഷൽ റഹ്മാൻ എന്നിവരാണ് കൊച്ചിക്കായി ഗോൾ നേടിയത്. നാല് കളിയിൽ നാല് പോയന്റുള്ള കൊമ്പൻസ് നാലാം സ്ഥാനത്താണ്.മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ കൊച്ചി ആദ്യ ഗോൾ നേടി. വലതു വിങിൽ നിന്ന് ഡീഗോ ഹെർണാണ്ടസ് ഉയർത്തി നൽകിയ പന്ത് രാഹുൽ രാജു കൃത്യമായ ഹെഡറിലൂടെ രാഘവ് ഗുപ്തയുടെ മുന്നിലേക്ക് വഴിതിരിച്ചുവിട്ടു. ബോക്സിനുള്ളിലെ ചെറിയ ഇടം കൃത്യമായി വായിച്ച ഗുപ്തയുടെ ക്ലോസ് റേഞ്ച് ഷോട്ട് വലയിലെത്തുമ്പോൾ കൊമ്പൻസ് ഗോൾകീപ്പർ സത്യജിത്തിന് പ്രതികരിക്കാൻ പോലുമാായില്ല (1–0). വിങിലൂടെയുള്ള മുന്നേറ്റവും ബോക്സിനുള്ളിലെ കൃത്യമായ പൊസിഷനിങ്ങും ഒത്തുചേർന്നപ്പോൾ കൊച്ചിക്ക് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് സ്വന്തമാക്കാൻ കഴിഞ്ഞു.രണ്ടു മിനിറ്റിനകം കൊമ്പൻസിന് തിരിച്ചടിക്കാൻ അവസരം ലഭിച്ചെങ്കിലും, പാട്രിക് മോട്ടയുടെ ഫ്രീകിക്കിൽ കൊച്ചി പ്രതിരോധം പതറിയെങ്കിലും ഷിജിനും പൗളോ സാന്റോസും ഷോട്ട് എടുക്കുന്നതിൽ കാണിച്ച ആശയക്കുഴപ്പം ആതിഥേയർക്ക് തുണയായി.തുടർച്ചയായ രണ്ട് ആക്രമണങ്ങൾ പോസ്റ്റിലും ക്രോസ് ബാറിലും തട്ടിത്തെറിച്ചതിന് പിന്നാലെ 35-ാം മിനിറ്റിൽ കൊച്ചി ലീഡ് രണ്ടാക്കി ഉയർത്തി. ഇടതുവിങ്ങിലൂടെ മുന്നേറിയ രാഹുൽ രാജുവിന്റെ കൃത്യമായ ഫിനിഷിങ് പന്ത് വലയിലെത്തിച്ചു (2–0). സീസണിലെ താരത്തിന്റെ മൂന്നാം ഗോൾ കൂടിയാണിത്. ആദ്യപകുതി അവസാനിക്കുംമുമ്പേ ആക്രമണത്തിലെ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊമ്പൻസ് ഷിജിനെ പിൻവലിച്ച് ഹൃതിക് ആന്റണിയെ കളത്തിലിറക്കി.രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് തിരിച്ചടിക്ക് ശ്രമിച്ചപ്പോഴെല്ലാം കൊച്ചി പ്രതിരോധം ഉറച്ചുനിന്നു. പിന്നിലേക്ക് ഇറങ്ങിവന്ന് നായകൻ ജോനാഥൻ പരേര പ്രതിരോധനിരയെ നയിച്ച് എതിർനീക്കങ്ങളെ തടയിട്ടു. ഒടുവിൽ 66-ാം മിനിറ്റിൽ കൊച്ചി വിജയമുറപ്പിച്ചു കൊണ്ട് മൂന്നാം ഗോൾ നേടി. ബോക്സിന് പുറത്തുനിന്നുള്ള ഹർഷൽ റഹ്മാന്റെ ഷോട്ട്, ഡൈവ് ചെയ്തു തടയാൻ ശ്രമിച്ച കൊമ്പൻസ് ഗോളി സത്യജിത്തിന്റെ കൈകൾക്കിടയിലൂടെ പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു (3-0). മത്സരത്തിന്റെ അവസാന ഘട്ടത്തിൽ (88-ാം മിനിറ്റിൽ) പാട്രിക് മോട്ടയെടുത്ത ഫ്രീകിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയതോടെ കൊമ്പൻമാരുടെ തിരിച്ചുവരവിനുള്ള പ്രതീക്ഷകൾ അവസാനിച്ചു.





