അണ്ടർ 19 ഏഷ്യ കപ്പ് ; ആവേശ പോരിനൊടുവിൽ പാകിസ്ഥാനെ ഒരു വിക്കറ്റിന് തകർത്ത് ഇന്ത്യ ചാമ്പ്യന്മാർ
മസ്കറ്റ് : അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ പാക്സിതാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്മാർ. പാകിസ്താൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിൽ പിന്തുടരുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദനി, ആര്യവീർ സെവാഗ് എന്നിവർ നൽകിയ മികച്ച തുടക്കമാണ് വിജയത്തിന് വിത്ത് പാകിയത്.ഉസ്മാൻ ഖാന്റെ സെഞ്ച്വറി കരുത്തിലാണ് പാകിസ്താൻ ഇന്ത്യക്ക് മുന്നിൽ കൂറ്റൻ റൺമല തീർത്തത്. 111 പന്തിൽ 11 ഫോറും 3 സിക്സുമടക്കം 107 റൺസാണ് താരം നേടിയത്. 54 പന്തിൽ 80 റൺസുമായി അബ്ദുൽ ഖാദിറും മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി മോഹിത് ഉൽവ മൂന്ന് വിക്കറ്റുകൾ നേടി.മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാർ നൽകിയ മികച്ച തുടക്കം ഏറ്റുപിടിക്കാൻ ഇന്ത്യൻ മധ്യനിരക്കായില്ല. താരങ്ങൾ ഒന്നൊന്നായി മടങ്ങിയപ്പോൾ മനാൽ ചൗഹാൻ ഒരറ്റത്ത് വീഴാതെ നിന്നു. 32 പന്തിൽ 3 വീതം സിക്സും ഫോറും സഹിതം 47 റൺ നേടി നിൽക്കെ ഒമ്പതാമനായി താരം മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരുന്നു. എന്നാൽ പത്താമൻ ചിങ്കുരുപതി വെങ്കടയെ കൂട്ടുപിടിച്ച് മോഹിത് ഉൽവ ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. 26 പന്തിൽ അഞ്ച് ബൗണ്ടറിയും 3 സിക്സുമാണ് ഉൽവ നേടിയത്.





