ഒരേസമയം മയക്കുമരുന്നും മാരക വിഷവും; ഫ്ലോറിഡയിൽ അപൂർവ്വമായ ‘ഡാർക്ക് മാജിക് കൂൺ’ കണ്ടെത്തി ഗവേഷകർ
വാഷിങ്ടൺ: ഫ്ലോറിഡയിലെ ചതുപ്പുകളിൽ നിന്ന് കണ്ടെത്തിയ അപൂർവ്വയിനം കൂൺ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നു. ഒരേസമയം സൈക്കഡെലിക് മയക്കുമരുന്നും (psilocybin), ജീവനെടുക്കുന്ന മാരക വിഷവും ഒരുപോലെ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കുടക്കടലാകൃതിയിലുള്ള കൂണിനെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ‘ഗലേരിയ ഇൻഡിക്ക’ എന്ന് പേരിട്ടിരിക്കുന്ന ഈ കൂണിനെ ഗവേഷകർ ‘ഡാർക്ക് മാജിക് കൂൺ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ശാസ്ത്ര പ്രസിദ്ധീകരണമായ ‘കറന്റ് ബയോളജി’യിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനസ്സിനെ ഉന്മാദാവസ്ഥയിലാക്കുന്ന ‘സൈലോസിബിൻ’, ലോകമെമ്പാടുമുള്ള കൂൺ വിഷബാധകൾക്ക് കാരണമാകുന്ന ഏറ്റവും മാരകമായ ‘അമടോക്സിൻ’ എന്നീ രണ്ട് ഘടകങ്ങളാണ് ഈ കൂണിൽ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ഘടകങ്ങൾ വിവിധതരം ഫംഗസുകളിൽ വെവ്വേറെ കാണപ്പെടാറുണ്ടെങ്കിലും, ഒരേ സ്പീഷിസിൽ രണ്ടും ഒരേസമയം കണ്ടെത്തുന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. 2025ൽ ഫ്ലോറിഡയിലെ തണ്ണീർത്തടങ്ങളിൽ പായൽ മൂടിയ പനമരങ്ങളുടെ തടികളിലാണ് ഈ കൂണുകൾ കണ്ടെത്തിയത്. കെമിസ്റ്റും ഫംഗൽ ബയോളജിസ്റ്റുമായ ആൻഡ്രൂ കുനിക് ആണ് ഈ കണ്ടെത്തലിന് പിന്നിൽ. തികച്ചും അപൂർവ്വവും അസാധാരണവുമായ ഒന്നാണിതെന്ന് അദ്ദേഹം പറയുന്നു. ഈ കണ്ടെത്തലിന് പുറമെ സമാനമായ മറ്റ് രണ്ട് സ്പീഷിസുകളെക്കൂടി അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. അവയെ ‘ഗലേരിയ സ്പീഷിസ് 1’, ‘ഗലേരിയ സ്പീഷിസ് 2’ എന്നിങ്ങനെയാണ് വിളിക്കുന്നത്. കണ്ടെത്തിയ കൂണിന്റെ ഉപരിതലത്തിൽ നീല നിറത്തിലുള്ള ചതവുകൾ കാണപ്പെട്ടിരുന്നു. ഈ കൂണുകൾ എങ്ങനെയാണ് ഇത്രയും വ്യത്യസ്തമായ രണ്ട് ഘടകങ്ങളും ഒരേസമയം നിർമിക്കുന്നത് എന്നതിനെക്കുറിച്ച് ഗവേഷകർക്കിടയിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പണ്ടുകാലത്ത് ഈ കൂണിന്റെ പൂർവ്വികർ മറ്റ് സ്പീഷിസുകളുമായി ഡി.എൻ.എ കൈമാറ്റം നടത്തിയിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. കൂണുകൾ കഴിക്കുന്ന മൃഗങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ അമടോക്സിനുകൾ സഹായിച്ചേക്കാം എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ പാരിസ്ഥിതിക പങ്ക് ഇന്നും അവ്യക്തമാണ്. ഫംഗസുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ മൈക്കോളജിസ്റ്റ് ആൻ പ്രിംഗ്ലി അഭിപ്രായപ്പെട്ടു. ഇത്തരം കൂണുകൾ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണെന്നും, വിദഗ്ധരായ ആളുകൾക്ക് പോലും ഇവ സാധാരണ കൂണുകളിൽ നിന്ന് വേർതിരിച്ചറിയാൻ എളുപ്പമല്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ഇവ കഴിക്കുന്നതിന് മുൻപ് ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്നും ഗവേഷകർ പറയുന്നു.





