പ്രസാദം അശുദ്ധമാക്കി’; അമ്മയുടെ മർദനമേറ്റ നാലുവയസുകാരി മരിച്ചു
‘
പട്ന: ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ ഛത് പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദം കഴിച്ചതിന്റെ പേരിൽ അമ്മയുടെ ക്രൂരമർദനമേറ്റ നാലുവയസുകാരി മരിച്ചു. സുഹാനി കുമാരിയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ റീന കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഛത് പൂജയ്ക്കുള്ള പ്രസാദം തയ്യാറാക്കുന്നതിനിടെ സുഹാനി അത് കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രസാദത്തിൽ തൊടരുതെന്ന് അമ്മ നിർദേശിച്ചിരുന്നെങ്കിലും കുട്ടി അത് തൊട്ടുനോക്കുകയും അൽപം കഴിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതയായ റീന, പ്രസാദം അശുദ്ധമായെന്നും ഇനിയത് പൂജയ്ക്ക് അർപ്പിക്കാനാവില്ലെന്നും പറഞ്ഞ് മകളെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് രാജു പാസ്വാൻ പറഞ്ഞു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടിയുടെ മരണവിവരമറിഞ്ഞ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം റീന കുമാരിയെ അറസ്റ്റ് ചെയ്തു. സുഹാനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സമസ്തിപൂർ സദർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.





