2029ൽ ചാമ്പ്യൻസ് ട്രോഫി, 2031ൽ ഏകദിന ലോകകപ്പ്; രണ്ട് പ്രധാന ടൂർണമെന്റുകൾക്ക് ഇന്ത്യ വേദിയാകും
ന്യൂഡൽഹി: ലോക ക്രിക്കറ്റിലെ രണ്ട് പ്രധാന ടൂർണമെന്റുകൾക്ക് വീണ്ടും വേദിയൊരുക്കാൻ ഇന്ത്യ. 2029ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2031ലെ ഏകദിന ലോകകപ്പ് ബംഗ്ലാദേശുമായി ചേർന്നും സംഘടിപ്പിക്കും. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ബോർഡ് യോഗത്തിലാണ് ടൂർണമെന്റുകളുടെ തീയതികളും വേദികളും സംബന്ധിച്ച തീരുമാനമായത്. 2029 ഒക്ടോബർ ഒമ്പത് മുതൽ 28 വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക. 2031 ഒക്ടോബർ ഒമ്പതിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് നവംബർ 23ന് അവസാനിക്കും. 2035 വരെയുള്ള പ്രധാന പുരുഷ ക്രിക്കറ്റ് ടൂർണമെന്റുകളുടെ സമയക്രമത്തിനും ഐ.സി.സി അംഗീകാരം നൽകി. 23 വർഷത്തെ ഇടവേളക്കുശേഷമാണ് ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. 2006ലാണ് അവസാനമായി ഇന്ത്യ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത്. 2023ലെ ഏകദിന ലോകകപ്പിനുശേഷം മറ്റൊരു ലോകകപ്പിന് കൂടി ഇന്ത്യ വേദിയാകുന്നതും ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്നതാണ്. 2028ലെ ട്വന്റി20 ലോകകപ്പിന് ആസ്ട്രേലിയയും ന്യൂസിലൻഡും സംയുക്തമായി ആതിഥേയത്വം വഹിക്കും. ഒക്ടോബർ 12 മുതൽ നവംബർ 12 വരെയാണ് മത്സരങ്ങൾ. 2030ലെ ട്വന്റി20 ലോകകപ്പ് ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലൻഡ് എന്നീ രാജ്യങ്ങളിലായിരിക്കും നടക്കുക. ജൂലൈ നാല് മുതൽ ആഗസ്റ്റ് നാല് വരെയാണ് ടൂർണമെന്റ് നിശ്ചയിച്ചിരിക്കുന്നത്. 2032, 2034 വർഷങ്ങളിലും ട്വന്റി20 ലോകകപ്പ് നടക്കും. 2033ൽ ചാമ്പ്യൻസ് ട്രോഫിയും 2035ൽ ഏകദിന ലോകകപ്പും നടത്താനും തീരുമാനമായി. എന്നാൽ, ഈ ടൂർണമെന്റുകളുടെ ആതിഥേയ രാജ്യങ്ങളെ പിന്നീട് പ്രഖ്യാപിക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമുകളുടെ എണ്ണം കൂട്ടില്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഒമ്പതിൽനിന്ന് 12 ആക്കി ഉയർത്താനുള്ള നിർദേശത്തിന് ഐ.സി.സി യോഗത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ അടുത്ത സൈക്കിളിലും നിലവിലെ ഒമ്പത് ടീമുകൾ തന്നെ തുടരാനാണ് സാധ്യത. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടാത്ത സിംബാബ്‌വെയും അയർലൻഡും കൂടുതൽ ടീമുകളെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, പ്രമുഖ ക്രിക്കറ്റ് രാജ്യങ്ങൾക്ക് പുറത്തുള്ള ടെസ്റ്റ് മത്സരങ്ങളുടെ വാണിജ്യസാധ്യത സംബന്ധിച്ച ആശങ്കകളാണ് വിപുലീകരണത്തിന് തടസ്സമായത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ രണ്ടുവർഷത്തിലൊരിക്കൽ ജൂണിൽ നടത്തുന്നത് തുടരും. 2029, 2031 വർഷങ്ങളിലെ ഫൈനലുകൾക്ക് ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കും. 2033, 2035 വർഷങ്ങളിലെ ഫൈനൽ വേദികൾ പിന്നീട് തീരുമാനിക്കും. വനിത ലോകകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ 2028ലെ വനിത ട്വന്റി20 ലോകകപ്പിന് പാകിസ്താൻ ആതിഥേയത്വം വഹിക്കും. ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തുന്ന നിലവിലെ ക്രമീകരണം തുടരും. ഇതിനായി ദുബൈ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, വേദി സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഐ.സി.സി നടത്തിയിട്ടില്ല. ഒളിമ്പിക്സ് ക്രിക്കറ്റിന്റെ യോഗ്യതാമത്സരങ്ങളും പ്രഖ്യാപിച്ചു 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിലൂടെ 128 വർഷത്തെ ഇടവേളക്കുശേഷം ക്രിക്കറ്റ് ഒളിമ്പിക്സ് വേദിയിലേക്ക് തിരിച്ചെത്തും. ഇതിന്റെ ഭാഗമായുള്ള അവസാനഘട്ട യോഗ്യതാ മത്സരങ്ങളുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പുരുഷ വിഭാഗത്തിന്റെ യോഗ്യതാ ടൂർണമെന്റ് 2028 ഫെബ്രുവരി അഞ്ച് മുതൽ 13 വരെ ബംഗ്ലാദേശിലും വനിത വിഭാഗത്തിന്റേത് ഫെബ്രുവരി 26 മുതൽ മാർച്ച് അഞ്ച് വരെ അമേരിക്കയിലും നടക്കും. ഇരുവിഭാഗങ്ങളിലും എട്ടുവീതം ടീമുകളാണ് യോഗ്യതാ ടൂർണമെന്റിൽ മത്സരിക്കുക. നാലുവീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന മത്സരങ്ങളിൽ ഗ്രൂപ്പ് ജേതാക്കൾ ഫൈനലിലെത്തും. ഫൈനൽ വിജയികൾക്ക് ഒളിമ്പിക്സിലേക്കുള്ള അവസാന യോഗ്യതാ സ്ഥാനം ലഭിക്കും. വനിത വിഭാഗത്തിൽ ഇന്ത്യ, ഗ്രേറ്റ് ബ്രിട്ടൻ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ഇതിനകം ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ മേഖലകളിൽനിന്നുള്ള മികച്ച റാങ്കുള്ള ടീമുകൾക്ക് ആദ്യ നാല് സ്ഥാനങ്ങൾ ലഭിക്കും. ക്രിക്കറ്റിന്റെ ആഗോള വളർച്ചയും മത്സരങ്ങളുടെ വാണിജ്യസാധ്യതയും കണക്കിലെടുത്താണ് ദീർഘകാല ടൂർണമെന്റ് കലണ്ടറിന് രൂപം നൽകിയിരിക്കുന്നത്. പുതിയ സമയക്രമം അംഗരാജ്യങ്ങൾക്ക് മത്സരങ്ങളും താരങ്ങളുടെ പരിശീലനവും മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്ന് ഐ.സി.സി വിലയിരുത്തുന്നു.





