പാമ്പൻ പാലത്തിൽ മലയാളി യുവതി ട്രെയിനിൽനിന്ന് ചാടി; സുരക്ഷാഭിത്തിയിൽ ഇടിച്ച് പരിക്ക്, റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി
രാമേശ്വരം: തമിഴ്നാട്ടിലെ പാമ്പൻ റെയിൽപാലത്തിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേർ ട്രെയിനിൽ നിന്ന് ചാടി. ഇതിൽ ഒരാൾ മരിക്കുകയും മലയാളിയായ യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടുപേരും ട്രെയിനിൽ നിന്ന് ചാടിയ സാഹചര്യത്തെ കുറിച്ച് അന്വേഷണം തുടങ്ങി.ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായാണ് സംഭവങ്ങൾ. ശനിയാഴ്ച രാത്രി രാമേശ്വരത്തുനിന്ന് മധുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവാവാണ് ആദ്യം കടലിലേക്ക് ചാടിയത്. ട്രെയിൻ പാമ്പൻ റെയിൽപാലത്തിൽ കടലിന് നടുവിലൂടെയുള്ള ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. വിവരമറിഞ്ഞ് റെയിൽവേ പൊലീസ് യുവാവിനായി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.പിന്നീട് ഞായറാഴ്ച രാവിലെ പാമ്പനിലെ മുല്ലിമുനൈക്ക് സമീപം യുവാവിന്റെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. മറൈൻ പൊലീസ് എത്തി മൃതദേഹം വീണ്ടെടുത്തു. മരിച്ചയാളുടെ പേരും സ്വദേശവും തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ച രാവിലെ തന്നെ മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്തു നിന്ന് രാമേശ്വരത്തേക്ക് പോവുകയായിരുന്ന അമൃത എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന മലയാളി യുവതിയാണ് പാമ്പൻ റെയിൽപാലത്തിൽ നിന്ന് ചാടിയത്. പാലക്കാട് മുണ്ടൂർ സ്വദേശി ശിഫാനയാണ് ട്രെയിനിൽ നിന്ന് ചാടിയത്. ട്രെയിൻ പാലത്തിലൂടെ കടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ, കടലിൽ വീഴാതെ പാലത്തിന്റെ സുരക്ഷാഭിത്തിയിൽ ഇടിച്ച യുവതിക്ക് ഗുരുതര പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്ത എത്തിയ റെയിൽവേ പൊലീസിന് യുവതിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പിന്നീട് രാമനാഥപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകട നില തരണം ചെയ്തതായാണ് വിവരം. രക്ഷപ്പെടുത്തുമ്പോൾ യുവതി അബോധാവസ്ഥയിലായിരുന്നതിനാൽ പേരും സ്വദേശവും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതി ട്രെയിനിൽനിന്ന് ചാടാനിടയായ സാഹചര്യവും വ്യക്തമല്ല. സംഭവങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പിന്നീട് വിവരമറിഞ്ഞ് ബന്ധുക്കൾ രാമനാഥപുരത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളും യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കുമിടയിൽ ഞെട്ടലുണ്ടാക്കി.





