രാത്രിയില്‍ തൈര് കഴിച്ചാല്‍ ജലദോഷവും പനിയും വരുമോ?
രാത്രിയില്‍ തൈര് കഴിച്ചാല്‍ പനി വരുമോ? ഇത്തരം സംശയങ്ങള്‍ നമ്മളില്‍ പലര്‍ക്കുമുണ്ടാകാം. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം. ആരോഗ്യമുള്ള ഒരാള്‍ രാത്രിയില്‍ മിതമായ അളവില്‍ തൈര് കഴിക്കുന്നത് ദോഷകരമല്ല. എന്നാല്‍ ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത് അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാം. തൈര് നേരിട്ട് കഴിക്കുമ്പോള്‍ ജലദോഷവും കഫക്കെട്ടും ഉണ്ടാകില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തൈര് കഴിക്കുമ്പോള്‍ ഇതിലെ പ്രോട്ടീനുകള്‍ തൊണ്ടയില്‍ ഒരു നേര്‍ത്ത ആവരണം ഉണ്ടാക്കുന്നുണ്ട്. ചിലര്‍ക്ക് ഇത് കഫം കെട്ടിക്കിടക്കുന്നത് പോലെയും തുടര്‍ന്ന് തൊണ്ടയില്‍ ഒരു തടസമുള്ളതായും അനുഭവപ്പെടും. എന്നാല്‍ ഇത് സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. എന്നിരുന്നാലും രാത്രിയില്‍ തൈര് കഴിക്കുന്നത് സൈനസൈറ്റിസ്, ആസ്ത്മ, അലര്‍ജി എന്നീ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരില്‍ മൂക്കടപ്പും മറ്റു അസ്വസ്ഥതകളും ഉണ്ടാക്കുന്നു. മാത്രമല്ല, അസിഡിറ്റിയാല്‍ ബുദ്ധിമുട്ടുന്നവരില്‍ ഇത് നെഞ്ചെരിച്ചിലിനും ഗ്യാസിനും വയര്‍ വീര്‍ക്കലിനും കാരണമാകും. രാത്രിയില്‍ ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുന്നതിനാലാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. അതേസമയം, തൈരില്‍ അടങ്ങിയിരിക്കുന്ന ‘ട്രിപ്റ്റോഫാന്‍’ അമിനോ ആസിഡ് ഉറക്കത്തെ സഹായിക്കുന്ന ‘മെലറ്റോണിന്‍’ ഹോര്‍മോണ്‍ ഉത്പാദനത്തെ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. എന്നിരുന്നാലും അടിക്കടി ജലദോഷം, ചുമ, സൈനസൈറ്റിസ്, ആസ്ത്മ, രാത്രിയില്‍ അസിഡിറ്റിയോ നെഞ്ചെരിച്ചിലോ അനുഭവപ്പെടുന്നവര്‍, ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ പകല്‍ സമയങ്ങളില്‍ തൈര് കഴിക്കുന്നതാണ് ഉത്തമം. ഇനി രാത്രിയില്‍ തൈര് നിര്‍ബന്ധമാണെങ്കില്‍ ഈ വിദ്യകള്‍ പരീക്ഷിക്കാം 1. തൈരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം കാച്ചിയെടുത്ത് കഴിക്കാം. ഇത് ദഹനം എളുപ്പമാക്കും2. തൈരില്‍ അല്‍പ്പം കുരുമുളക് പൊടി, വറുത്ത ജീരകപ്പൊടി, ഇഞ്ചി എന്നിവ ചേർത്ത് കഴിക്കാം. ഈ രീതി കഫക്കെട്ട് തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും 3. ഫ്രിഡ്ജില്‍ നിന്ന് എടുത്തയുടനെ തണുത്ത തൈര് കഴിക്കുന്നത് ഒഴിവാക്കുക





