കേരളത്തിലെ യുവാക്കളിൽ പ്രമേഹം കൂടുന്നു; മരുന്നിനൊപ്പം ഭക്ഷണനിയന്ത്രണവും ഉറക്കവും അനിവാര്യമെന്ന് വിദഗ്ധർ
കോഴിക്കോട്: യുവാക്കളിൽ വർധിച്ചുവരുന്ന പ്രമേഹവും അത് വൃക്കരോഗങ്ങൾ, ഫാറ്റി ലിവർ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതും ആശങ്കാജനകമാണെന്ന് ആരോഗ്യ വിദഗ്ധർ. പ്രമേഹ നിയന്ത്രണത്തിന് മരുന്നുകൾക്കൊപ്പം കൃത്യമായ ഭക്ഷണനിയന്ത്രണം, വ്യായാമം, മതിയായ ഉറക്കം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വിദഗ്ധർ നിർദേശിച്ചു. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിൽ സംഘടിപ്പിച്ച ‘ഷുഗർ എക്സ്പോ 2026’-നോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ സെഷനിൽ സംസാരിക്കുകയായിരുന്നു ഡോ. ഷംനാദ് പി., ഡോ. ഇ.ടി. അരുൺ തോമസ് എന്നിവർ. നവംബർ 14-ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ച എക്സ്പോയുടെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എ.പി. അനിൽകുമാർ പങ്കെടുത്തു.പാക്കറ്റ് ഭക്ഷണങ്ങളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് ലേബലുകൾ നോക്കി തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം എക്സ്പോയിൽ വിശദീകരിച്ചു. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന ‘മാജിക് പ്ലേറ്റ്’ രീതിയും കേരളീയ ഭക്ഷണരീതികളുടെ പോഷകമൂല്യവും പ്രദർശനത്തിലൂടെ പരിചയപ്പെടുത്തി. നടത്തം, ജോഗിംഗ്, ഓട്ടം എന്നിവയ്ക്കായി കാലുകൾക്ക് അനുയോജ്യമായ പാദരക്ഷകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും സൈക്ലിംഗിൽ പരിക്കുകൾ ഒഴിവാക്കാൻ പാലിക്കേണ്ട ശരിയായ റൈഡിംഗ് പൊസിഷൻ, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ചും വിദഗ്ധർ പരിശീലനം നൽകി. ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ‘ലിറ്റിൽ വാരിയേഴ്സ് ടുഗെദർ’ എന്ന പേരിൽ പ്രത്യേക സംഗമവും ഡയറ്റ് വർക്ക്ഷോപ്പും സംഘടിപ്പിച്ചു. പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കി പോഷകാഹാരം ശീലമാക്കേണ്ടതിന്റെ പ്രാധാന്യം വർക്ക്ഷോപ്പിൽ വിശദീകരിച്ചു. എഴുപതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രൊഫസർ ഡോ. ചാന്ദിനി ആർ. ഉദ്ഘാടനം ചെയ്തു.





