‘ധൂർത്ത് ഒഴിവാക്കൂ, സിനിമയെ രക്ഷിക്കൂ’; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ സിനിമാലോകത്തോട് കമൽ ഹാസന്റെ അഭ്യർത്ഥന
ഇന്ത്യൻ സിനിമാലോകത്ത് കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് സിനിമകളുടെ അമിത ബഡ്ജറ്റും, താരങ്ങളുടെ അകമ്പടി സേവകർക്കായുള്ള വൻ തുകകളുടെ ചെലവഴിക്കലും. കേവലം ആഡംബരത്തിനുവേണ്ടി മാത്രം ലക്ഷങ്ങൾ വെള്ളം പോലെ ഒഴുക്കുന്ന ഈ രീതിക്കെതിരെ പല പ്രമുഖ നിർമാതാക്കളും നടന്മാരും നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഇന്ത്യൻ സിനിമയുടെ ഉലകനായകൻ കമൽ ഹാസൻ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരോടും വളരെ പ്രായോഗികവും സുസ്ഥിരവുമായ ഒരു സിനിമാ നിർമാണ ശൈലി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിൽ പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധികൾ ലോകമെമ്പാടുമുള്ള ഇന്ധനം, വ്യാപാരം, സാമ്പത്തിക മേഖല എന്നിവയെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് കമൽ ഹാസൻ ചൂണ്ടിക്കാണിക്കുന്നു. ഇത് ഇന്ത്യയിലും വലിയ രീതിയിൽ ഇന്ധനവില വർദ്ധനവിനും നിർമാണ ചെലവുകൾ കൂടാനും കാരണമാകും. ഈ സാമ്പത്തിക പ്രതിസന്ധി സിനിമകളുടെ നിർമാണത്തെ മാത്രമല്ല, വരും മാസങ്ങളിൽ ആളുകൾ വിനോദത്തിനായി പണം ചിലവഴിക്കുന്ന രീതിയെപ്പോലും മാറ്റിയേക്കാം. അതിനാൽ സിനിമാ മേഖലയിലെ എല്ലാ മേഖലകളിലുള്ളവരും ഒരുമിച്ചിരുന്ന് സംസാരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. സിനിമകളിൽ സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ അതിന്റെ പ്രഹരം ഒരിക്കലും താഴെത്തട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നേരെയാകരുത് എന്ന് കമൽ ഹാസന് നിർബന്ധമുണ്ട്. സിനിമക്കായി രാപ്പകൽ കഷ്ടപ്പെടുന്ന സാധാരണക്കാരായ തൊഴിലാളികളുടെ ശമ്പളം, സുരക്ഷ, അന്തസ്സ്, ഭക്ഷണം, താമസം, യാത്രാസൗകര്യങ്ങൾ എന്നിവയിലൊന്നും ഒരു തരത്തിലുള്ള കുറവും വരുത്തരുത്. അതിനുപകരം, കൃത്യമായ ആസൂത്രണമില്ലായ്മ കാരണം ഉണ്ടാകുന്ന വലിയ നഷ്ടങ്ങൾ, അനാവശ്യമായ വിദേശ യാത്രകൾ, ആഡംബരങ്ങൾ എന്നിവയാണ് നിയന്ത്രിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. “എല്ലാ പ്രണയകഥകളും പാരീസിൽ വെച്ച് തന്നെ പൂത്തുലയണമെന്നും, എല്ലാ ഹണിമൂണുകളും സ്വിറ്റ്സർലൻഡിൽ തന്നെ അവസാനിക്കണമെന്നും എന്താണ് നിർബന്ധം? പ്രണയിക്കാൻ വിദേശ നാണയത്തിന്റെ ആവശ്യമില്ലല്ലോ,” എന്ന് അദ്ദേഹം ചോദിക്കുന്നു. നമ്മുടെ രാജ്യത്തെ മനോഹരമായ ലൊക്കേഷനുകളിൽ വിശ്വസിക്കാനും ഇന്ത്യൻ സിനിമക്ക് സ്വന്തം കഴിവുകളിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ സിനിമകൾ എന്നത് അനാവശ്യ ധൂർത്തല്ല, മറിച്ച് കൃത്യമായ അച്ചടക്കവും വ്യക്തതയും മികച്ച ആശയങ്ങളും ഉണ്ടെങ്കിൽ കുറഞ്ഞ ചിലവിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം മുൻകാല സിനിമകളെ ഉദാഹരണമാക്കി പറയുന്നു. തെന്നിന്ത്യൻ സിനിമാ സംഘടനകളും വിവിധ പ്രൊഡ്യൂസേഴ്സ് ഗിൽഡുകളും ഒരുമിച്ചു നിന്ന് ഈ സാമ്പത്തിക വെല്ലുവിളിയെ നേരിടാൻ തയാറാകണമെന്നാണ് ഉലകനായകന്റെ ആഹ്വാനം. സെറ്റുകളിലെ ഊർജ്ജ സംരക്ഷണം, വിദേശ യാത്രകൾക്ക് പകരം നാട്ടിലെ മികച്ച ലൊക്കേഷനുകൾ കണ്ടെത്തൽ, സെറ്റുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ വീണ്ടും ഉപയോഗിക്കുക തുടങ്ങിയ പ്രായോഗികമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ന് നമ്മൾ സിനിമയുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിച്ചാൽ മാത്രമേ നാളെ സിനിമക്ക് ഒരു ഭാവിയുണ്ടാകൂ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.





