പഞ്ചസാര കിട്ടാക്കനിയാകുമോ? രാജ്യത്ത് ഉൽപ്പാദനം കുത്തനെ ഇടിയുന്നു
ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 2026-27 സീസണിൽ കുറഞ്ഞേക്കുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ഐ.എസ്.എം.എ). ഉൽപ്പാദനം 15 ശതമാനം കുറഞ്ഞ് 2.65 കോടി ടണ്ണായി താഴുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 3.12 കോടി ടൺ ആയിരുന്നു പഞ്ചസാരയുടെ മൊത്ത ഉൽപ്പാദനം. മഹാരാഷ്ട്രയിലും കർണാടകയിലും കരിമ്പ് കൃഷി വിസ്തൃതി കുറഞ്ഞതും, ക്രമരഹിതമായ മഴയും ഉൽപ്പാദനത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. 2025 – 26 സീസണിലും പഞ്ചസാര ഉൽപ്പാദനത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 2025 ജൂലൈയിൽ ഐ.എസ്.എം.എ കഴിഞ്ഞ സീസണിലെ ഉൽപ്പാദനം 3.49 കോടി ടൺ ആയിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ യഥാർത്ഥ ഉൽപ്പാദനം 3.12 കോടി ടണ്ണിൽ ഒതുങ്ങി. ഏകദേശം 37 ലക്ഷം ടണ്ണിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ സീസണിൽ മില്ലുകൾ 32.5 ലക്ഷം ടൺ പഞ്ചസാര എഥനോൾ ഉൽപ്പാദത്തനത്തിനായി വകമാറ്റിയിരുന്നു. അതോടെ അറ്റ ഉത്പാദനം 2.79 കോടി ടണ്ണായി കുറഞ്ഞു. എന്നാൽ 2026-27 സീസണിൽ പഞ്ചസാര എഥനോളിനായി വകമാറ്റാൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ഐ.എസ്.എം.എ അറിയിച്ചു. അതിനാൽ ഈ സീസണിൽ മൊത്ത ഉത്പാദനവും അറ്റ ഉത്പാദനവും 2.652 കോടി ടൺ തന്നെയായിരിക്കും. അതേസമയം, 2026-27 സീസണിലെ പ്രവചനം കഴിഞ്ഞ 10 സീസണുകളിലെ ഏറ്റവും കുറഞ്ഞ ഉൽപ്പാദനമായിരിക്കുമെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രവചിക്കപ്പെട്ട 2.652 കോടി ടണ്ണിനേക്കാൾ കുറഞ്ഞ പഞ്ചസാര ഉൽപ്പാദനം ഇന്ത്യയിൽ അവസാനമായി രേഖപ്പെടുത്തിയത് 2016-17 സീസണിലാണ്. അന്ന് ഉൽപ്പാദനം 2.3 കോടി ടൺ ആയിരുന്നു. മഹാരാഷ്ട്രയിലെയും കർണാടകയിലെയും കൃഷി വിസ്തൃതിയും വിളവിലെ കുറവുമാണ് ഉൽപ്പാദനത്തിന്റെ ഇടിവിന് പ്രധാന കാരണം. മഹാരാഷ്ട്രയിൽ കഴിഞ്ഞ സീസണിലെ 1.125 കോടി ടണ്ണിൽ നിന്ന് 86.9 ലക്ഷം ടണ്ണായി കുറയുമെന്നാണ് വിലയിരുത്തൽ. ഇവിടെ കരിമ്പ് കൃഷി വിസ്തൃതി 10 ശതമാനം കുറഞ്ഞ് 13.3 ലക്ഷം ഹെക്ടറായി. അതേസമയം കർണാടകയിൽ വിസ്തൃതി 7 ശതമാനം കുറഞ്ഞ് 6.31 ലക്ഷം ഹെക്ടറായതോടെ 46.2 ലക്ഷം ടണ്ണായി കുറഞ്ഞേക്കും. കഴിഞ്ഞ സീസണിലിത് 61.8 ലക്ഷം ടൺ ആയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര ഉൽപ്പാദക സംസ്ഥാനമായ ഉത്തർപ്രദേശിലും പഞ്ചസാര ഉൽപ്പാദനം കുറയുമെന്നാണ് പ്രവചനം. കഴിഞ്ഞ സീസണിലെ 95.4 ലക്ഷം ടണ്ണിൽ നിന്ന് 89 ലക്ഷം ടണ്ണായി കുറഞ്ഞേക്കും. വിസ്തൃതിയിൽ വലിയ മാറ്റമില്ലാതെ 22.6 ലക്ഷം ഹെക്ടർ തന്നെയാണ്. മൊത്തത്തിൽ രാജ്യത്തെ കരിമ്പ് കൃഷി വിസ്തൃതി 3.2 ശതമാനം കുറഞ്ഞ് 55.5 ലക്ഷം ഹെക്ടറാകുമെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇത് 57.4 ലക്ഷം ഹെക്ടർ ആയിരുന്നു.





