പേരിലെ അക്ഷരത്തെറ്റ് വില്ലനായി; വിമാനത്താവളത്തിൽ കുടുങ്ങി നടി ആദാ ശർമ്മ
കൊച്ചി: വിമാന ടിക്കറ്റിൽ പേരിന്റെ അക്ഷരത്തെറ്റ് വന്നതിനെത്തുടർന്ന് ബോളിവുഡ്-തെന്നിന്ത്യൻ നടി ആദാ ശർമ്മയ്ക്ക് വിമാനത്താവളത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം ശ്രദ്ധേയമാകുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം തന്നെയാണ് യാത്രയ്ക്കിടെ നേരിട്ട വിചിത്രവും ദുരിതപൂർണ്ണവുമായ അനുഭവം വെളിപ്പെടുത്തിയത്.ടിക്കറ്റിൽ ‘Adah Sharma’ എന്നതിന് പകരം ‘Adha Sharma’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആദാ ശർമ്മയുടെ പത്തംഗ ടീമിന് സംഭവിച്ച അശ്രദ്ധ മൂലമാണ് പേരിൽ ഈ മാറ്റം വന്നത്. തിരിച്ചറിയൽ രേഖയിലെ പേരും ടിക്കറ്റിലെ പേരും തമ്മിൽ പൊരുത്തക്കേട് കണ്ടതോടെ, നടി ആദാ ശർമ്മയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റാരോ യാത്ര ചെയ്യാൻ ശ്രമിക്കുകയാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം സംശയിച്ചത്.ഏറെ നേരത്തെ വിശദീകരണങ്ങൾക്കും പരിശോധനകൾക്കും ഒടുവിലാണ് വിമാനത്താവള അധികൃതർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടത്. തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ താരത്തിന് അകത്തുകടക്കാനും യാത്ര തുടരാനും കഴിഞ്ഞു.എന്നാൽ യാത്രയിലെ അബദ്ധങ്ങൾ അവിടെ അവസാനിച്ചില്ല. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ ഷൂട്ടിംഗുമായി ബന്ധപ്പെട്ട സാധനങ്ങൾ അടങ്ങിയ ലഗേജ് മറ്റൊരു യാത്രക്കാരൻ അബദ്ധത്തിൽ എടുത്തുകൊണ്ടുപോയി. കൂടാതെ, മടക്കയാത്രയ്ക്കുള്ള വിമാനം റദ്ദാക്കപ്പെട്ടതിനാൽ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങേണ്ടി വന്നതും താരത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി.




