ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ തല്ലി ചതച്ച് ക്ലാസ്സ് ടീച്ചറും പ്രധാനാധ്യാപകനും,കേസെടുത്തു
ബാഗല്‍കോട്ട്|കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്ലാസ് ടീച്ചറും പ്രധാനാധ്യാപകനും തല്ലി ചതച്ചതായി പരാതി. പുറത്തും കാലുകളിലും ചൂരല്‍ കൊണ്ട് അടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ബാഗല്‍ക്കോട്ട് ജില്ലയിലെ നാവലഗിയിലെ റാണി ചെന്നമ്മ എയ്ഡഡ് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയ്ക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. അസുഖബാധിതനായതിനാല്‍ കുട്ടി രണ്ട് ദിവസം സ്കൂളില്‍ എത്തിയിരുന്നില്ല. ഇന്നലെ വീണ്ടും സ്കൂളിലെത്തിയപ്പോഴാണ് ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപികയായ വിജയലക്ഷ്മിയും പ്രധാനാധ്യാപകന് അംബിയും ചോദ്യം ചെയ്യുകയും ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തത്.
അടിയേറ്റ പാടുകളോടെ കുട്ടി വീട്ടില്‍ എത്തിയപ്പോഴാണ് രക്ഷിതാക്കള്‍ വിവരം അറിഞ്ഞത്. പിന്നാലെ കുട്ടിയെ ജംഖണ്ഡിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ രബകവി ബനഹട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ക്ലാസ് ടീച്ചര്‍ വിജയലക്ഷ്മിക്കും പ്രധാനാധ്യാപകനുമെതിരെ കേസെടുത്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





