അച്ഛന്റെ സുഹൃത്തുക്കളെന്ന് വിശ്വസിച്ചു,,മയക്കുമരുന്ന് നൽകി പീഡനം; കോഴിക്കോട്ട് ആളൊഴിഞ്ഞ ബസിൽ 20കാരി നേരിട്ടത് കൊടുംക്രൂരത
കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തിൽ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നൽകി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ബസിലും വെച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിലായി. അടിവാരം-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരായ കെ.കെ അനീഷ്, പി.എസ് സജിത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പുതുപ്പാടി സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവങ്ങളുടെ തുടക്കം. നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ പിതാവിന്റെ സുഹൃത്തുക്കളായ പ്രതികൾ കാറിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പരിചയമുള്ളവരായതിനാൽ സംശയമൊന്നും തോന്നാതിരുന്ന യുവതിക്ക് പ്രതികൾ മയക്കുമരുന്ന് നൽകി. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.അബോധാവസ്ഥയിലായിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് യുവതിയെ വീണ്ടും പീഡനത്തിനിരയാക്കിയത്. അടിവാരം ഒന്നാം വളവിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ട് ഷട്ടറുകൾ താഴ്ത്തിയ ശേഷമായിരുന്നു ബസിനുള്ളിലെ അതിക്രമം. പ്രതികൾക്ക് പുറമെ കണ്ടാലറിയാവുന്ന മറ്റു ചിലരും തന്നെ ഉപദ്രവിച്ചതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.മാസങ്ങളോളം നീണ്ട പീഡനത്തിനൊടുവിൽ യുവതി കൊടുവള്ളി, കാക്കൂർ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. താമരശ്ശേരി ഡിവൈഎസ്പി കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അനീഷിനെയും സജിത്തിനെയും റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




