പെരിങ്ങോട്ടുകുറിശ്ശി കവർച്ച; തോക്ക് ചൂണ്ടി കവർന്നത് 49 പവൻ സ്വര്‍ണം
പാലക്കാട്: പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയിൽ ഇന്നലെ തോക്ക് ചൂണ്ടി കവർന്നത് 49 പവൻ സ്വര്‍ണം. നാലംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികൾ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണ്. ദിവസങ്ങളായി പ്രദേശത്ത് തങ്ങി ആസൂത്രണം ചെയ്താണ് കൊള്ള നടത്തിയത്. പൊള്ളാച്ചി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ ഉച്ചക്ക് 2.30ന് ഇഷാന് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഉടമ സനാദും ഭാര്യ ദിവ്യയും രണ്ടു ജീവനക്കാരുമാണ് ആ സമയം കടയിലുണ്ടായിരുന്നത്. സനാദ് കടക്ക് ഉള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. വന്നവര്‍ ഇതരസംസ്ഥാനക്കാരാണെന്ന് കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ക്ക് സംശയം തോന്നിയെന്ന് സനാദ് പറഞ്ഞു. ഉള്ളില്‍ നിന്ന് ഞങ്ങള്‍ വരുമ്പോഴേക്കും മോഷ്ടാക്കള്‍ തോക്കെടുത്തു. ഒരുവട്ടം വെടിപൊട്ടി. രണ്ടു പേര് കത്തിവീശുകയും ചെയ്തു. കയ്യില്‍ കിട്ടിയ ആഭരണവും എടുത്താണ് മോഷ്ടാക്കള്‍ കടന്നത് -ഉടമ പറഞ്ഞു.സനാദിന്റെ വീടിനോട് ചേര്‍ന്നുതന്നെയാണ് ജ്വല്ലറിയും. കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ കാറില്‍ പുറത്തുണ്ടായിരുന്നു. മൂന്നു പേര് ജ്വല്ലറിയില്‍ കയറി സ്വര്‍ണമാല ആവശ്യപ്പെട്ടു. പന്തികേട് തോന്നിയ ജീവനക്കാരി ഉടമയെ വിളിച്ച്, ഉടമ എത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്. ജീവനക്കാരികള്‍ മോഷ്ടാക്കളെ സധൈര്യം നേരിടുന്നതും ദൃശ്യങ്ങളില്‍ കാണാം. കടയിലെ സ്റ്റൂളെടുത്ത് മോഷ്ടാക്കളെ നേരിടാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ പേര് ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ കാറില്‍ രക്ഷപ്പെട്ടു. തമിഴ്നാഴ് രജിസ്ട്രേഷനിലുള്ള ഒരു കാറിലാണ് മോഷ്ടാക്കള്‍ കടന്നത്. പൊള്ളാച്ചി ഭാഗത്തേക്കാണ് ഇവര്‍ കടന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.





