കോഴിക്കോട് | സീനിയർ വിദ്യാർഥി ക്രൂരമായി മർദിച്ചു; 12 വയസ്സുകാരൻ വെന്റിലേറ്ററിൽ, ശ്വാസകോശത്തിനു ക്ഷതം…
___________________________________________________________________________________________
കോഴിക്കോട് ∙ നരിക്കുനിക്കു സമീപമുള്ള സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെ ഇതേ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചതായി പരാതി. പരുക്കേറ്റ അരക്കിണർ സ്വദേശിയായ പന്ത്രണ്ടുകാരനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനു ക്ഷതമേറ്റ കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് ഏഴാം ക്ലാസുകാരനെ മർദിച്ചതെന്നാണ് പറയുന്നത്.
ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കു നേരെ ഹോസ്റ്റലിൽ മർദനമുണ്ടായോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ മാതാവിന്റെ മൊഴി പ്രകാരം കാക്കൂർ പൊലീസ് തുടർനടപടി സ്വീകരിച്ചു വരുന്നു. എസ്ഐ അമൽരാജിന്റെ നേതൃത്വത്തിൽ പൊലീസ് സ്കൂളിലും ആശുപത്രിയിലുമെത്തി അന്വേഷണം നടത്തി.





