ഐ.​പി.​എ​ൽ; മും​ബൈ​യെ തോ​ൽ​പി​ച്ച് രാ​ജ​സ്ഥാ​ൻ പ്ലേ ​ഓ​ഫി​ൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് 2026 പ്ലേ ഓഫിലെ നാലാമത്തെ ടീം ആരെന്ന ചോദ്യത്തിന് ഉത്തരം നൽകി രാജസ്ഥാൻ റോയൽസ്. പഞ്ചാബ് കിങ്സിന്റെ മോഹങ്ങളെ കാറ്റിൽപ്പറത്തി, ലീഗ് റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 30 റൺസിന് തോൽപിച്ച് 16 പോയന്റുമായാണ് ഇവർ കടന്നത്. വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റിന് 205 റൺസെടുത്തു. തുടക്കത്തിലെ തകർച്ചക്ക് ശേഷം ഇടക്ക് പൊരുതിയെങ്കിലും നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റിന് 175ലെത്താനേ ആതിഥേയർക്കായുള്ളൂ. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിൽ 15 പന്തിൽ 32 റൺസടിക്കുകയും ചെയ്ത ജോഫ്ര ആർച്ചറാണ് കളിയിലെ കേമൻ. മുംബൈ ബാറ്റർമാരിൽ ഏറെ നാളത്തെ ഇടവേളക്ക് ശേഷം താളംകണ്ടെത്തിയ സൂര്യകുമാർ യാദവ് 42 പന്തിൽ 60 റൺസ് കുറിച്ചു. രാജസ്ഥാന്റെ വെടിക്കെട്ട് ഓപണർ വൈഭവ് സൂര്യവംശി ഇക്കുറി നിറംമങ്ങി. ആറ് പന്തിൽ നാല് റൺസേ എടുത്തുള്ളൂ. 17 പന്തിൽ 27 റൺസായിരുന്നു മറ്റൊരു ഓപണർ യശസ്വി ജയ്സ്വാളിന്റെ സംഭാവന. ധ്രുവ് ജുറെൽ 26 പന്തിൽ 38 റൺസ് നേടി. ജുറെലാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ റിയാൻ പരാഗ് എട്ട് പന്തിൽ 14ഉം ഡൊനോവൻ ഫെറെയ്റ 15 പന്തിൽ 18ഉം റൺസിന് പുറത്തായി. ദാസുൻ ഷനക 15 പന്തിൽ 29 റൺസ് നേടി. ഇന്നിങ്സ് പൂർത്തിയാവുമ്പോൾ രവീന്ദ്ര ജദേജ 11 പന്തിൽ 19ഉം നാന്ദ്രെ ബർഗർ മൂന്ന് പന്തിൽ പത്തും റൺസുമായി ക്രീസിലുണ്ടായിരുന്നു. മുംബൈ ബൗളർമാരിൽ ദീപക് ചാഹറും ഷാർദുൽ താക്കൂറും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽത്തന്നെ ആതിഥേയർക്ക് അടിയേറ്റു. ആദ്യ ഓവറിൽ രോഹിത് ശർമയെ (0) ആർച്ചർ നാശംവിതക്കുന്നതിന്റെ സൂചന നൽകി. തന്റെ അടുത്ത ഓവറിൽ നമൻ ധിറിനെ (6) ബൗൾഡാക്കി ഇംഗ്ലീഷ് പേസർ. ഓപണർ റയാൻ റിക്കിൾട്ടനും (12) തിലക് വർമയും (3) കരക്ക് കയറിയതോടെ നാലിന് 38ലേക്ക് തകർന്നു മുംബൈ. അഞ്ചാം വിക്കറ്റിൽ വിൽ ജാക്സിനും (18 പന്തിൽ 33) തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യക്കുമൊപ്പം (15 പന്തിൽ 14) പൊരുതിയ സൂര്യ ഒരുഘട്ടത്തിൽ വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറുകളിലെത്തിയപ്പോൾ വീണ്ടും കൈവിട്ടു. രാജസ്ഥാൻ ബൗളർമാരിൽ ബർഗറും ബ്രിജേഷ് ശർമയും യാഷ് രാജ് പുഞ്ചയും രണ്ട് വിക്കറ്റ്‍ വീതം കരസ്ഥമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button