വീട് കുത്തിത്തുറന്ന് മോഷണം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ആനക്കൽ ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ വീട്ടിൽ അജിത്ത് അനിലും (19) പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളുമാണ് മോഷണ സംഘത്തിൽ ഉണ്ടായിരുന്നത്. മേയ് 24ന് അർധരാത്രി 12ഓടെ ആനക്കല്ല്-പൊടിമറ്റം റോഡിൽ ആൻറണി ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ആന്റണി ബംഗളൂരുവിൽ ബന്ധുവീട്ടിൽ പോയിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ മോഷണസംഘം കാറിലെത്തി മുഖംമൂടിയും പർദയും ധരിച്ച് മുൻ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി 75,000 രൂപയും മൂന്നു പവനോളം സ്വർണവും കവരുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത കാഞ്ഞിരപ്പള്ളി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് സി.സി.ടി.വി. കാമറകളും ഫോണുകളും സമീപത്ത് മറ്റ് ഇതുപോലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെയും നിരീക്ഷിച്ച് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു കറങ്ങുകയായിരുന്നു ഇവരുടെ രീതി. ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ, ഗോകുൽ, ഷിജു, എം.പി. അനിൽകുമാർ, ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലുള്ള ജോബി, ഷമീർ, വിമൽ, എ.എസ്.ഐ സിനോ തങ്കപ്പൻ, വിനീത്, അരുൺ ബേബി , സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.





